Connect with us

National

മേമന്റെ വധശിക്ഷ: അഭിമുഖം സംപ്രേഷണം ചെയ്ത മൂന്ന് ചാനലുകള്‍ക്ക് നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടന പരമ്പര കേസില്‍ തൂക്കിലേറ്റിയ യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരായ അഭിമുഖങ്ങള്‍ സംപ്രേഷണം ചെയ്ത മൂന്ന് ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയച്ചു.
നിയമവ്യവസ്ഥയെയും രാഷ്ട്രപതിയെയും അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ ഡി ടി വി, എ ബി പി ന്യൂസ്, ആജ്തക് എന്നീ ചാനലുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമത്തിലെ ചട്ടം ആറിലെ ഒന്ന് (ഡി), ഒന്ന് (ജി), ഒന്ന് (ഇ) വകുപ്പുകള്‍ പ്രകാരമാണ് നോട്ടീസ് നല്‍കിയത്.
നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിനു പിന്നാലെ ഷോട്ടാ ഷക്കീലിന്റെ ടെലിഫോണ്‍ അഭിമുഖം ആജ് തക്കും എ ബി പി ന്യൂസും സംപ്രേഷണം ചെയ്തിരുന്നു. യാക്കൂബ് മേമന്‍ നിരപരാധിയാണെന്നും ഇന്ത്യയിലെ ജുഡീഷ്യറിയില്‍ നിന്ന് നീതി ലഭിക്കില്ലെന്നും ഷക്കീല്‍ വ്യക്തമാക്കിയിരുന്നു. അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹിമിന്റെ അടുത്ത അനുയായിയാണ് ഛോട്ടാ ഷക്കീല്‍. യാക്കൂബ് മേമന്റെ അഭിഭാഷകന്റെ അഭിമുഖം സംപ്രേഷണം ചെയ്തതിനാണ് എന്‍ ഡി ടി വിക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.
വധശിക്ഷ അവസാനിപ്പിച്ച രാജ്യങ്ങളെ കുറിച്ചാണ് മേമന്റെ അഭിഭാഷകന്‍ അഭിമുഖത്തില്‍ പറഞ്ഞത്. അശ്ലീലം, അപകീര്‍ത്തി, മനഃപൂര്‍വമുള്ളത്, തെറ്റായതും വ്യംഗ്യാര്‍ഥവും അര്‍ധസത്യങ്ങളുമായ വാര്‍ത്തകള്‍ നല്‍കുന്നതിന് എതിരെയാണ് കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമത്തിലെ ഒന്ന് (ഡി) വകുപ്പ് പ്രതിപാദിക്കുന്നത്.
ക്രമസമാധാനം തകരാറിലാക്കുന്നതും ദേശവിരുദ്ധവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയും രാഷ്ട്രപതിയുടെയും നീതിന്യായ വ്യവസ്ഥയുടെയും ധാര്‍മികതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെയുമാണ് മറ്റ് രണ്ട് വകുപ്പുകള്‍. മന്ത്രാലയത്തിലെ ഇലക്‌ട്രോണിക് മീഡിയ മോണിറ്ററിംഗ് സെന്റര്‍ (ഇ എം എം സി) അറുനൂറ് ചാനലുകള്‍ നിരീക്ഷിച്ച ശേഷമാണ് നോട്ടീസ് നല്‍കിയത്.
ജൂലൈ മുപ്പതിനാണ് യാക്കൂബ് മേമനെ തൂക്കിലേറ്റിയത്.