Connect with us

International

അധികാരത്തിലെത്തിയാല്‍ സുപ്രീം കോടതിയിലെ ചില ജഡ്ജിമാരെ പുറത്താക്കുമെന്ന് ബോബി ജിന്‍ഡാല്‍

Published

|

Last Updated

വാഷിംഗ്ടണ്‍: പ്രസിഡന്റ് പദത്തിലേക്ക് തനിക്കൊരു അവസരം നല്‍കുകയാണെങ്കില്‍ യു എസ് സുപ്രീം കോടതിയിലെ ചില ജഡ്ജിമാരെ പുറത്തെറിയുമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ബോബി ജിന്‍ഡാല്‍. പ്രസിഡന്റുമാരായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷും റോണാല്‍ഡ് റീഗനും നിയമിച്ച രണ്ട് ജഡ്ജിമാരെ ഉള്‍പ്പെടെ ആറ് പേരെ സ്ഥാനഭ്രഷ്ടരാക്കുമെന്നാണ് ജിന്‍ഡാലിന്റെ വാഗ്ദാനം. ഒബാമ കെയര്‍, സ്വവര്‍ഗ ലൈംഗിക വിവാഹങ്ങള്‍ തുടങ്ങി ഈയിടെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിപ്രസ്താവനകള്‍ അലോസരപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ജിന്‍ഡാലിന് പുറമെ യാഥാസ്ഥിക വിഭാഗങ്ങളും സുപ്രീം കോടതിയുടെ ഈ രണ്ട് വിധിപ്രസ്താവങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. ഭരണഘടനക്കപ്പുറം പൊതുജനതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായിരിക്കണം കോടതികള്‍ തയ്യാറാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇന്തോ- അമേരിക്കന്‍ വംശജനായ 44 കാരന്‍ ജിന്‍ഡാല്‍ നിലവില്‍ ലൂസിയാന ഗവര്‍ണറാണ്. ഇദ്ദേഹം ജൂണില്‍ സ്ഥാനാര്‍ഥിത്വം നിര്‍ണയിച്ച ഉടനെ, കോടതികള്‍ പൂട്ടുന്നതിലൂടെ രാജ്യത്തിന് പണം ലാഭിക്കാന്‍ സാധിക്കും എന്ന് പറഞ്ഞിരുന്നു. ബുഷ് നാമനിര്‍ദേശം ചെയ്ത ചീഫ് ജസ്റ്റിസ് ജോണ്‍ ജി റോബേര്‍ട്ട്‌സും റീഗന്‍ നിര്‍ദേശിച്ച അന്തോണി എം കെന്നഡിയും ഉള്‍പ്പെടെ ആറ് പേരെ സ്ഥാനഭ്രഷ്ടരാക്കാനാണ് ജിന്‍ഡാല്‍ ആവശ്യപ്പെടുന്നത്. റോബര്‍ട്‌സും കെന്നഡിയുമാണ് ഒബാമ കെയര്‍ പദ്ധതിക്ക് അനുകൂല വിധിപ്രസ്താവം നടത്തിയത്. അതിനുപുറമെ കെന്നഡി സ്വവര്‍ഗ വിവാഹ നിയമത്തെ പിന്തുണക്കുകയും ചെയ്തിരുന്നു. ആരോഗ്യ പരിപാലനത്തെ ലക്ഷ്യം വെച്ചുള്ള ചില പരിഷ്‌കരണങ്ങള്‍ അടങ്ങുന്നതാണ് ഒബാമ കെയര്‍ പദ്ധതി.

Latest