Connect with us

Gulf

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി യു എ ഇയില്‍ എത്തും

Published

|

Last Updated

അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 16ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യു എ ഇയില്‍ എത്തും.
17ന് വൈകുന്നേരം ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതു സ്വീകരണം നല്‍കുമെന്ന് സംഘാടക സമിതി അറിയിച്ചു. കെ കുമാര്‍ കണ്‍വീനറും ഡോ. ബി ആര്‍ ഷെട്ടി അംഗവുമാണ്. ദുബൈ മാള്‍, ദുബൈ ഇന്റര്‍നാഷണല്‍ സിറ്റി, തൊട്ടടുത്തുള്ള മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ബസ് സൗകര്യം ഏര്‍പെടുത്തും.
പങ്കെടുക്കുന്നവരുടെ വിശദവിവരങ്ങള്‍ രജിസ്‌ട്രേഷന്‍ എന്നിവക്ക് ംംം.ിമാീശിറൗയമശ.മല എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. മധ്യപൗരസ്ത്യ ദേശ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി യു എ ഇയിലെത്തുന്നത്.
34 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎ ഇ സന്ദര്‍ശിക്കുന്നത്. 1981ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഒടുവില്‍ യു എ ഇ സന്ദര്‍ശിച്ചത്. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പര്യടനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
16ന് അബുദാബിയാകും സന്ദര്‍ശിക്കുക എന്നാണ് വിവരം. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്ന് യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം പറഞ്ഞു. അബുദാബി ഭരണാധികാരികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.
വ്യാപാര വ്യവസായ ബന്ധങ്ങള്‍ ശക്തമാക്കാനുളള നടപടികളില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതും അജണ്ടയിലുണ്ടാവും.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ വസിക്കുന്നതിനാല്‍ പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളും തൊഴില്‍സുരക്ഷാ വിഷയവും ചര്‍ച്ചയായേക്കും. 17ന് ദുബൈയിലെത്തുന്ന പ്രധാനമന്ത്രി, ദുബൈ ഭരണകൂടവുമായും ചര്‍ച്ച നടത്തും. പ്രവാസി ഭാരതീയരുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പ്രവാസികളുടെ സംഭാവനയെക്കുറിച്ച് നരേന്ദ്രമോദി സംസാരിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ പ്രവാസി സമൂഹം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest