Connect with us

National

പാര്‍ലിമെന്റ്: അവസാന നാളുകളും സംഘര്‍ഷഭരിതമായേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന നാളുകളും സംഘര്‍ഷഭരിതം തന്നെയായിരിക്കുമെന്ന് സൂചന.
സമവായത്തിന്റെ ഒരു സാധ്യതയും പ്രതിപക്ഷ പാര്‍ട്ടികള്‍ തുറന്നിടാതിരിക്കുകയും ആരോപണ വിധേയരായ മന്ത്രിമാരെ പുറത്താക്കുന്നതടക്കമുള്ള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരുക്കമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ച തിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കേണ്‍ഗ്രസ് എം പിമാരുടെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചുവെങ്കിലും ഇവര്‍ സഭയിലെത്തുമ്പോള്‍ വീണ്ടും സമാനമായ പ്രതിഷേധ പരിപാടിക്ക് മുതിരുമോയെന്നാണ് ചോദ്യം. ലളിത് മോദിയെ സഹായിച്ചുവെന്ന് ആരോപണവിധേയയായ വിദേശകകാര്യ മന്ത്രി സുഷമാ സ്വരാജ് രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ഇതേ കേസില്‍ കൂടുതല്‍ ശക്തമായ ആരോപണം നേരിടുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയും രാജിവെക്കണമെന്ന് പ്രതിപക്ഷം ശഠിക്കുന്നു. വ്യാപം കേസുകളില്‍ ആരോപണവിധേയനായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ കാര്യത്തിലും പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നു. സസ്‌പെന്‍ന്‍ഡ് ചെയ്യപ്പെട്ട എം പിമാര്‍ ഇന്ന് സഭയിലെത്തും.
ഇനിയുള്ള നാല് ദിവസമെങ്കിലും സഭ നന്നായി നടത്തി കൊണ്ടു പോകാനുള്ള സാഹചര്യമൊരുക്കണമെന്ന് പാര്‍ലിമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. അര്‍ഥപൂര്‍ണമായ ഏത് ആവശ്യവും അംഗീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ മുഖ്യമന്ത്രിമാരുടെയും കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും ഒരുക്കമല്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എട്ട് ബില്ലുകള്‍ കൂടി ബാക്കിയുണ്ട്. അവയെല്ലാം പ്രധാനമാണ്. നാല് ബില്ലുകള്‍ പാസ്സാക്കാന്‍ സാധിച്ചു. കോണ്‍ഗ്രസ് അതിന്റെ ഉത്തരവാദിത്വം മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. ഇന്ന് തിങ്കളാഴ്ച തന്നെ ആകണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹം. അത് “ഞായറാഴ്ച” ആകാതിരിക്കട്ടെയെന്ന് നായിഡു ചെന്നൈയില്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാറാണ് ഉത്തരവാദിത്വം കാണിക്കാത്തതെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് റണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ബി ജെ പി എന്താണ് ചെയ്യുന്നത്? അവര്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും വ്യക്തിപരമായി ആക്രമിക്കുകയാണ് അവര്‍. ആശാസ്യമല്ലാത്ത രാഷ്ട്രീയമാണ് ബി ജെ പി നേതാക്കള്‍ കാണിക്കുന്നത്. കൈലാഷ് വിജയ്വര്‍ഗീയ, പ്രകാശ് ജാവദേക്കര്‍, സ്മൃതി ഇറാനി, സന്തോഷ് ഗാംഗ്‌വാര്‍ എന്നിവരുടെ പ്രസ്താവന ഇതാണ് കാണിക്കുന്നതെന്ന് സുര്‍ജേവാല പറഞ്ഞു. സമവായത്തിന്റെയും നിര്‍മാണാത്മമയുടെയും രാഷ്ട്രീയം പുറത്തെടുക്കാന്‍ മോദി സര്‍ക്കാറിന് സാധിക്കല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് എം പിമാരെ സസ്‌പെന്‍ഡ് ചെയ്ത ശേഷം പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിക്കുകയായിരുന്നു.
ഇന്ന് സസ്‌പെന്‍ഷന്‍ കഴിഞ്ഞ് എം പിമാര്‍ എത്തുമ്പോള്‍ എന്ത് തന്ത്രമാകും പയറ്റുകയെന്ന് വ്യക്തമല്ല. ഏതായാലും പ്രതിഷേധത്തിന്റെ രീതി ശക്തമാക്കുകയല്ലാതെ പിന്നോട്ട് പോകില്ലെന്ന് ഉറപ്പാണ്. പാര്‍ലിമെന്റിലായാലും തെരുവിലായാലും രാഷ്ട്രീയം ജനങ്ങളുടെ ക്ഷേമത്തിനായിരിക്കണമെന്ന് പാര്‍ലിമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഇത് മനസ്സാലാക്കാന്‍ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പാര്‍ട്ടിയുടെ പുതിയ നേതാവ് തയ്യാറാകണമെന്ന് രാഹുലിന്റെ പേരെടുത്ത് പറയാതെ നഖ്‌വി കുറ്റപ്പെടുത്തി. ജനാധിപത്യത്തില്‍ പാര്‍ലിമെന്റ് തടസ്സപ്പെടുന്നത് പുതിയ കാര്യമല്ല. പക്ഷേ അത് ജനകീയ വിഷയങ്ങളുടെ പേരിലാകണം.
വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം മുതല്‍ നടക്കുന്നത് ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത പ്രശ്‌നത്തിന്റെ പേരില്‍ സഭ തടസ്സപ്പെടുന്നതാണ്. തികച്ചും കുടുസ്സായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പാര്‍ലിമെന്റിനെ ഉപയോഗിക്കുകയാണ് കോണ്‍ഗ്രസസെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, സഭാ നടപടികള്‍ നടത്തിക്കൊണ്ടു പോകാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായ ഒരൂ ശ്രമവും നടത്തിയിട്ടില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുകയാണ്. അഹങ്കാരം വെടിഞ്ഞ് ചര്‍ച്ചക്ക് വന്നാല്‍ വഴി തെളിയുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

Latest