Connect with us

International

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തം; സുപ്രധാന സ്ഥാനങ്ങള്‍ ഒഴിയുമെന്ന് ഇറാഖ് പ്രധാനമന്ത്രി

Published

|

Last Updated

ബഗ്ദാദ്: രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും ഉപേക്ഷിക്കാന്‍ സന്നദ്ധനാണെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബ്ബാദി. പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജിലാണ്, അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. അഴിമതിയുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും അന്വേഷിക്കാമെന്നും പ്രാദേശിക അടിസ്ഥാനത്തിലല്ലാതെ ജോലിയിലെ മികവ് നോക്കി മുഴുവന്‍ ഉദ്യോഗസ്ഥരെയും മാറ്റിനിയമിക്കാമെന്നും അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അബ്ബാദി ഭരണകൂടത്തിന് കീഴില്‍ വര്‍ധിച്ചുവരുന്ന അഴിമതിക്കെതിരെയും ഭരണ അസ്ഥിരതക്കെതിരെയും കഴിഞ്ഞ ദിവസങ്ങളില്‍ തഹ്‌രീര്‍ ചത്വരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ഇറാഖികള്‍ ഒരുമിച്ചുകൂടി പ്രതിഷേധം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വിവിധ വകുപ്പുകളിലെ മികച്ച ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പുതിയ ഭരണസംവിധാന രീതികളെ കുറിച്ച് അബ്ബാദി ചര്‍ച്ച നടത്തിയിരുന്നു.
ഉപപ്രധാനമന്ത്രി പദവും വൈസ് പ്രസിഡന്റ് പദവിയും കുറെ കാലമായി അബ്ബാദി തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്.സ്ഥാനമൊഴിയുന്നതിന് ഇന്നലെ കാബിനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ പാര്‍ലിമെന്റിന്റെ അംഗീകാരം കൂടി ഇതിന് അനിവാര്യമാണ്.
ബസ്വറ, ബാഗ്ദാദ്, നസ്‌റിയ, നജഫ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു. ദയനീയമായ ജീവിത സാഹചര്യങ്ങളും വൈദ്യുതി, വെള്ളം എന്നിവയുടെ അഭാവവുമാണ് ജനങ്ങളെ സര്‍ക്കാറിനെതിരെ ഇറങ്ങാന്‍ പ്രേരിപ്പിച്ചത്. ഇറാഖിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന വ്യാപകമായ അഴിമതിക്ക് അറുതിവരുത്തണമെന്ന് ഇറാഖിലെ സന്നദ്ധസംഘടനകളും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest