Connect with us

Kerala

അഡ്വക്കറ്റ് ജനറല്‍ വിവാദം: ചേരിതിരിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍

Published

|

Last Updated

 

കൊച്ചി: അഡ്വക്കറ്റ് ജനറലിനെതിരായ ഹൈക്കോടതി ജഡ്ജിയുടെ വിമര്‍ശങ്ങളില്‍ ചേരിതിഞ്ഞുള്ള പ്രസ്താവനകളുമായി ഇന്നലെയും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. മറ്റുള്ളവരുടെ പറമ്പുകളില്‍ കിളക്കാന്‍ നില്‍ക്കാതെ സ്വന്തം പറമ്പില്‍ കിളക്കാന്‍ ഒരോരുത്തരും ശ്രമിക്കണമെന്ന് മന്ത്രി കെ ബാബു പറഞ്ഞപ്പോള്‍ വിമര്‍ശങ്ങളോട് അസഹിഷ്ണുത പാടില്ലെന്നും ആത്മ വിമര്‍ശമാണ് വേണ്ടതെന്നും കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. പരസ്പര ബഹുമാനം നിലനിര്‍ത്തി മുന്നോട്ടുപോകണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഹ്വാനം ചെയ്തു. കൊച്ചിയില്‍ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വെന്‍ഷനായ “സമീക്ഷ”യുടെ രണ്ടാം ദിവസത്തില്‍ ക്വിറ്റ് ഇന്ത്യ ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ പരിപാടികളിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്.
ഭരണകൂടവും ജുഡീഷ്യറിയും തമ്മില്‍ ആദരവോടെ പ്രവര്‍ത്തിക്കേണ്ടത് ജനാധിപത്യത്തിന് ആവശ്യമാണെന്നും ഇതിന് ഒരോരുത്തരും അവരുടെ ലക്ഷ്മണ രേഖക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും കെ ബാബു പറഞ്ഞു. സര്‍ക്കാറും ജുഡീഷ്യറിയുമായി ഏറ്റുമുട്ടല്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചില ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ഭരണഘടനാ സ്ഥാപനങ്ങളില്‍ ഉന്നതപദവിയില്‍ ഇരിക്കുന്നവര്‍ പദവിയെക്കുറിച്ച് വിസ്മരിക്കാതെ ആത്മവിമര്‍ശം നടത്തി മുന്നോട്ടുപോകണമെന്ന് വി ഡി സതീശന്‍ എം എല്‍ എ ആവശ്യപ്പെട്ടു. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ആര്‍ക്കും ഇഷ്ടമല്ല. വിമര്‍ശിക്കുന്നവരോട് എല്ലാവര്‍ക്കും അസഹിഷ്ണുതയാണ്. സ്തുതി പാഠകരെയാണ് എല്ലാവര്‍ക്കും ആവശ്യമാണ്. വിമര്‍ശത്തിന്റെ അടിത്തറയെന്തെന്നും കാതലെന്തെന്നും ആത്മവിമര്‍ശം നടത്തണം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും ചെയ്യുന്നത് ഭരണകൂടത്തിന്റെ കടമയാണ്. മന്ത്രിമാരായാലും എം എല്‍ എമാരായാലും ജുഡീഷ്യറി ആയാലും അവരവര്‍ നില്‍ക്കേണ്ടതെവിടെയെന്ന് ഒരോരുത്തരും തിരിച്ചറിയണമെന്നും വി ഡി സതീശന്‍ പറഞ്ഞു.
ജൂഡീഷ്യറിയും ഭരണകൂടവും തമ്മില്‍ സംഘര്‍ഷങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഒരു കാലത്ത് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച പല നിയമങ്ങളും പിന്നീട് ഭരണകൂടത്തിന് നടപ്പാക്കേണ്ടി വന്നതായും കോണ്‍ഗ്രസ് നേതാവും എം പിയുമായ വയലാര്‍ രവി പറഞ്ഞു. നിയമനിര്‍മാണങ്ങള്‍ക്കു പിന്നില്‍ ഏറെയും രാഷ്ട്രീയ തീരുമാനങ്ങളാണ്. നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാറിന് അവകാശമുണ്ട്. നിയമപരിധിക്കുള്ളില്‍ നിന്ന് നിയമഭേദഗതികള്‍ വരുത്താന്‍ സാധിക്കും. എന്നാല്‍ ഒരു പൗരന്റെ അവകാശത്തിന്‍മേല്‍ കടന്നുകയറാന്‍ സര്‍ക്കാറിന് അവകാശമില്ല. കാലത്തിനനുസരിച്ച് ജുഡീഷ്യറിയുടെ ചിന്തയിലും കാഴ്ചപ്പാടിലും മാറ്റമുണ്ടെന്നും എം പി പറഞ്ഞു.
ജനാധിപത്യത്തിനകത്ത് പരസ്പര ധാരണയും ബഹുമാനവും നിലനിര്‍ത്തി പോയെങ്കില്‍ മാത്രമേ ഈ സംവിധാനം മുന്നോട്ടുപോകൂവെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഒന്നു മറ്റൊന്നിനെ മറികടക്കാന്‍ ശ്രമിക്കുന്നത് ഗുണകരമാകില്ല. ഭരണകൂടവും ജുഡീഷ്യറിയും പരസ്പരം ബഹുമാനിച്ച് മുന്നോട്ടുപോകണം. അതിന് മുന്നിട്ടു നില്‍ക്കേണ്ടത് അഭിഭാഷകരാണ്. ഈ സംവിധാനം സമതുലിതമായി പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭരണഘടനയില്‍ എഴുതിവച്ച നിയമങ്ങളുടെ അന്തസത്ത ഉള്‍ക്കൊണ്ട് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്നോട്ടു പോകണം. ജനാധിപത്യം ശക്തിപ്പെടുത്താന്‍ രാസത്വരകമായി ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. ചടങ്ങില്‍ കെ വി തോമസ് എം പി, കെ പി സി സി വൈസ് പ്രസിഡന്റ് ലാലി വില്‍സന്റ്, ഡൊമിനിക് പ്രസന്റേഷന്‍ എം എല്‍ എ, ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹികളായ അഡ്വ. എം വി എസ് നാരായണന്‍, അഡ്വ. പി റഹീം പങ്കെടുത്തു.