Connect with us

Kerala

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നേടിയെടുക്കാനാകാത്തത് നേതൃത്വത്തിന്റെ പിടിപ്പ്‌കേട് കൊണ്ടെന്ന് വിമര്‍ശം

Published

|

Last Updated

കൊല്ലം: കേരളത്തില്‍ യു ഡി എഫിനൊപ്പം നിന്നതുകൊണ്ടാണ് ആര്‍ എസ് പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതെന്ന് സംസ്ഥാന സമ്മേളനത്തില്‍ നേതാക്കളുടെ വിശദീകരണം. സംസ്ഥാന സെക്രട്ടറി എ എ അസീസാണ് രണ്ട് ദിവസമായി നടന്ന ചര്‍ച്ചക്ക് മറുപടി പറഞ്ഞത്.
വിമര്‍ശങ്ങളെ വികാരപരമായാണ് അസീസ് നേരിട്ടത്. മുന്നണിമാറ്റത്തിന് നേതൃത്വം എടുത്ത തീരുമാനത്തെ വിമര്‍ശിക്കുന്ന പ്രതിനിധികള്‍ യാഥാര്‍ഥ്യബോധം ഇല്ലാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു. സി പി എമ്മുമായുള്ള ബന്ധത്തെപറ്റി ഉപരിപ്ലവമായി പ്രസംഗിക്കാന്‍ മാത്രമേ പറ്റൂ. പാര്‍ട്ടിക്ക് നേട്ടമുണ്ടാകണമെങ്കില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കേണ്ട സാഹചര്യമുണ്ടായി. അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് നേതൃത്വത്തിന് ഉചിതമായ തീരുമാനം എടുക്കേണ്ടിവരുന്നത്. മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് ആര്‍ എസ് പി ഇടതുമുന്നണി വിട്ടതെന്നും അസീസ് പറഞ്ഞു. ആര്‍ എസ് പി, വലതുമുന്നണിയോടൊപ്പമാണെങ്കിലും പാര്‍ട്ടിയുടെ ഇടതുപക്ഷ സ്വഭാവത്തില്‍ മാറ്റം ഉണ്ടായിട്ടില്ലെന്നും ചര്‍ച്ചക്കുള്ള മറുപടിയില്‍ അസീസ് വ്യക്തമാക്കി. സംഘടനാ റിപ്പോര്‍ട്ടും കരട് രാഷ്ട്രീയ പ്രമേയവും സമ്മേളനം അംഗീകരിച്ചു.
ആര്‍ എസ് പി സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്നലെയും നേതൃത്വത്തിനെതിരെ അണികളുടെ രൂക്ഷ വിമര്‍ശമാണുയര്‍ന്നത്. പാര്‍ട്ടിയുടെ മുന്നണി മാറ്റവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നേടിയെടുക്കാന്‍ കഴിയാത്തതും സംബന്ധിച്ചാണ് പ്രധാന വിമര്‍ശം. ശക്തമായ സമ്മര്‍ദം ചെലുത്തി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നേടിയെടുക്കാന്‍ പാര്‍ട്ടിക്ക് സാധിക്കാത്തത് നേതൃത്വത്തിന്റെ പിടിപ്പ്‌കേട് കൊണ്ടാണെന്ന് സമ്മേളന പ്രതിനിധികള്‍ തുറന്നടിച്ചു. അരുവിക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് നേടിയെടുക്കാന്‍ നേതൃത്വം തയ്യാറാകണമായിരുന്നുവെന്ന് കൊല്ലം ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു.
പ്രതിനിധികളില്‍ നിന്ന് രൂക്ഷ വിമര്‍ശം നേരിട്ടതോടെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍ എസ് പിക്ക് അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. മുഖം രക്ഷിക്കാന്‍ ഈ സ്ഥാനം നേടിയെടുക്കുക എന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായി മാറിയിരിക്കുന്നു. പ്രതിനിധികളില്‍ നിന്ന് ഇത് സംബന്ധിച്ച് വിമര്‍ശം ഉണ്ടാകുമെന്ന മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പാര്‍ട്ടിക്ക് ലഭിക്കുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ഷിബുബേബിജോണ്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ യു ഡി എഫില്‍ നിന്ന് ആര്‍ എസ് പിക്ക് ഒരു ഉറപ്പും ലഭിച്ചിട്ടില്ല. രാഷട്രീയ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ ആര്‍ എസ് പി നേതാക്കളോ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തെക്കുറിച്ച് ഒരക്ഷരം സംസാരിച്ചതുമില്ല.
കോവൂര്‍ കുഞ്ഞുമോനെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി കണ്ടുവെച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസും അവകാശ വാദമുന്നയിച്ച് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൈയൊഴിയുകയാണുണ്ടായത്. ഇക്കാര്യം കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കിന് ഇടയാക്കിയെങ്കിലും ആര്‍ എസ് പിക്ക് സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്ന കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണ്. ഇതിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശമുയര്‍ന്നു. നിയമസഭാ സമ്മേളനം തീരുന്നതിന് മുമ്പെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് തീരുമാനമുണ്ടാക്കാന്‍ സാധിക്കാത്തതും വിമര്‍ശത്തിനിടയാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ശക്തമായ ഇടപെടലാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദീകരിച്ചാണ് എന്‍ കെ പ്രേമചന്ദ്രനും എ എ അസീസും അണികളുടെ വിമര്‍ശത്തെ നേരിട്ടത്.
കോണ്‍ഗ്രസ് ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വരെ പാര്‍ട്ടി ആലോചിച്ചിരുന്നവെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്തതുകൊണ്ടാണ് അത്തരമൊരു ആലോചനയിലേക്ക് എത്തിയതെന്നും സമ്മേളന ചര്‍ച്ചക്കുള്ള മറുപടിയില്‍ നേതാക്കള്‍ വിശദീകരിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കുന്ന രീതിയില്‍ സീറ്റുകള്‍ നേടിയെടുക്കണമെന്ന ആവശ്യവും സമ്മേളന പ്രതിനിധികളില്‍ നിന്ന് ഉയര്‍ന്നു.
പുനരേകീകരണത്തിന് ശേഷമുള്ള ആര്‍ എസ് പിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിനാണ് പാര്‍ട്ടിയുടെ തട്ടകമായ കൊല്ലം സാക്ഷ്യം വഹിച്ചത്. യു ഡി എഫില്‍ നിന്ന് മാറി ചിന്തിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സംസ്ഥാന നേതൃത്വം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ആര്‍ എസ് പി ഇടതുമുന്നണിയിലേക്ക് തന്നെ തിരിച്ചുപോകുമെന്ന കേന്ദ്ര സെക്രേട്ടറിയറ്റംഗം അബനീറോയിയുടെ പ്രസ്താവന പാര്‍ട്ടിയുടെ കേരള ഘടകത്തിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. ആര്‍ എസ് പി ഇടതുപക്ഷ പാര്‍ട്ടിയാണെന്നും ഇടതുഐക്യമാണ് പാര്‍ട്ടിക്ക് വലുതെന്നുമായിരുന്നു അബനീറോയി പറഞ്ഞത്. പാര്‍ട്ടിയുടെ കേരള ഘടകം യു ഡി എഫിലാണെങ്കിലും ദേശീയ തലത്തില്‍ പശ്ചിമബംഗാളിലടക്കം ഇടതുമുന്നണിയോടൊപ്പം നില്‍ക്കുന്നതും പ്രതിനിധികളുടെ വിമര്‍ശത്തിനിടയാക്കിയിരുന്നു.

---- facebook comment plugin here -----

Latest