Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ് ഒരു കാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരു കാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. കോടതി അംഗീകരിച്ചാല്‍ പുതുക്കിയ വാര്‍ഡ് വിഭജനം നടപ്പില്‍ വരുത്തും. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമീഷനുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അവര്‍ക്കാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു നല്‍കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്ത പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വൈകുന്നതിനെകുറിച്ച് ഗവര്‍ണര്‍ പി സദാശിവം സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷണര്‍ കെ ശശിധരന്‍ നായര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നീളുന്നതില്‍ ആശങ്ക അറിയിച്ച പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നടപടി.

വാര്‍ഡ് വിഭജന കാര്യത്തില്‍ അന്തിമരൂപം ആകാത്തതിനാല്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്താന്‍ കഴിയില്ലെന്ന ആശങ്ക സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ ഗവര്‍ണറെയും സര്‍ക്കാരിനെയും അറിയിച്ചിരുന്നു. ഇപ്പോഴത്തെ നിലയിലാണു കാര്യങ്ങള്‍ പുരോഗമിക്കുന്നതെങ്കില്‍ ഡിസംബറിലേ തിരഞ്ഞെടുപ്പു നടത്താന്‍ കഴിയൂവെന്നാണു ഗവര്‍ണര്‍ക്കും ചീഫ് സെക്രട്ടറിക്കും നല്‍കിയ കത്തില്‍ കമ്മിഷന്‍ വ്യക്തമാക്കിയത്. അല്ലാത്തപക്ഷം പഴയ വാര്‍ഡ് വിഭജനത്തെ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പു നടത്തേണ്ടിവരുമെന്നും കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest