Connect with us

Kerala

ചാവക്കാട് കൊലപാതകം: ഗോപപ്രതാപനും പ്രതിയുമൊത്തുള്ള ചിത്രങ്ങള്‍ പുറത്ത്

Published

|

Last Updated

ചാവക്കാട്: ചാവക്കാട്ട് കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് എ ഗ്രൂപ്പ് നേതാവായ എ സി ഹനീഫയെ കുത്തിക്കൊന്ന കേസില്‍ അറസ്റ്റിലായ ഷമീറും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗോപപ്രതാപനും ഒത്തുള്ള ചിത്രങ്ങള്‍ പുറത്ത്. ഐ ഗ്രൂപ്പ് നേതാവായ ഗോപപ്രതാപനും ഷമീറും ഒത്തുള്ള ചിത്രമാണ് പുറത്തുവന്നത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഗോപപ്രതാപന്റെ വാഹനത്തിലാണ് ഷമീര്‍ രക്ഷപെട്ടതെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇപ്പോള്‍ പുറത്തുവന്ന ചിത്രവും വലിയ കോലാഹലങ്ങള്‍ക്ക് ഇടയാക്കിയേക്കും. ഹനീഫയെ കൊല്ലാന്‍ ഷമീറിനെ നിയോഗിച്ചത് ഗോപപ്രതാപനാണെന്ന് ഹനീഫയുടെ കുടുംബവും നാട്ടുകാരും ആരോപിച്ചിരുന്നു

അതേസമയം, ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും സി പി എമ്മും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ഗോപപ്രതാപന്‍ ആരോപിച്ചു. എ വിഭാഗത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വക്താവ് കൂടിയായ ഗോപപ്രതാപന്റെ വിമര്‍ശം. തന്നെ കുറ്റവാളിയായി ചിത്രീകരിക്കാനാണ് നീക്കം. അറസ്റ്റിലായ പ്രതി തന്റെ പ്രദേശത്തുകാരനാണെന്നും അതിനാല്‍ ഏതെങ്കിലും ചടങ്ങുകളില്‍വെച്ച് തന്നോടൊപ്പം ഫോട്ടോയെടുത്തതാകാമെന്നും അദ്ദേഹം വിശദീകരിച്ചു. അറസ്റ്റിലായ മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് ഗോപപ്രതാപന്‍ ഇന്നലെ സമ്മതിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കെ പി സി സി ഉപസമിതിയുടെ അന്വഷണ റിപ്പോര്‍ട്ട് പരിഗണിച്ച് പ്രസിഡന്റ് വി എം സുധീരന്‍ ഗോപപ്രതാപനെ സസ്‌പെന്‍ഡ് ചെയ്യുകയും ചാവക്കാട് ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. ഗോപപ്രതാപനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ചാവക്കാട്ട് ഐ ഗ്രൂപ്പ് ഇന്ന് വൈകുന്നേരം നടത്താനിരുന്ന പ്രതിഷേധ പ്രകടനം മാറ്റിവെച്ചു. മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഇടപെട്ടതിന തുടര്‍ന്നാണ് പ്രകടനം മാറ്റിവെച്ചത്.

Latest