Connect with us

Kannur

വനാമി ചെമ്മീന്‍ കൃഷി സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നു

Published

|

Last Updated

കണ്ണൂര്‍; കൊച്ചി ആസ്ഥാനമായ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ (കുഫോസ്) നേതൃത്വത്തില്‍ സംസ്ഥാനത്ത് വിജയകരമായി വികസിപ്പിച്ചെടുത്ത വനാമി ചെമ്മീന്‍ കൃഷി മാതൃക കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി സര്‍വകലാശാല കര്‍ഷകരുടെ കൂട്ടായ്മകള്‍ രൂപവത്കരിക്കുന്നു. സര്‍വകലാശാലയുടെ നേതൃത്വത്തില്‍ കര്‍ഷക സംഘങ്ങള്‍ രൂപവത്കരിച്ച് കൃഷി തുടങ്ങുകയും ഇടനിലക്കാരില്ലാതെ തന്നെ കയറ്റുമതി ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാനുമാണ് കുഫോസിന്റെ പദ്ധതി. ഇതിന്റെ ആദ്യഭാഗമായി പനങ്ങാട് സര്‍വകലാശാല ആസ്ഥാനത്ത് ഈ മാസം 20 നും 21 നും സംസ്ഥാന വ്യാപകമായുള്ള ചെമ്മീന്‍ കര്‍ഷകര്‍ക്ക് പരിശീലനവും ജലകൃഷി പ്രദര്‍ശനവും സംഘടിപ്പിക്കും. വനാമി കൃഷിചെയ്യുന്നതിന്റെ ആദ്യപടിയായ ചെന്നൈ കോസ്റ്റല്‍ അക്വാകള്‍ച്ചര്‍ അതോറിറ്റിയുടെ ലൈസന്‍സ് ലഭ്യമാക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കുഫോസ് കര്‍ഷകരെ സഹായിക്കും. കാര്‍ഷിക ഉപകരണങ്ങള്‍, മത്സ്യത്തീറ്റ എന്നിവ ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനത്തില്‍ മത്സ്യകൃഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രധാന കമ്പനികളും ഏജന്‍സികളും പങ്കെടുക്കും.
പ്രാഥമിക ഘട്ടത്തില്‍ വലിയ മുതല്‍മുടക്ക് ആവശ്യമില്ലാത്ത രീതിയില്‍ കൃഷി ആരംഭിക്കാന്‍ കുഫോസ് കര്‍ഷകരെ സഹായിക്കും. കര്‍ഷകര്‍ക്ക് ആവശ്യമായ വനാമി വിത്ത്, തീറ്റ എന്നിവ നല്‍കി ഉയര്‍ന്ന വിലയില്‍ ചെമ്മീന്‍ തിരികെ വാങ്ങാനും കുഫോസ് സംവിധാനമൊരുക്കും. കയറ്റുതി കാര്യക്ഷമമാക്കുന്നതിന് പ്രകൃതി സൗഹൃദ കൃഷിരീതികള്‍ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ അന്താരാഷ്ട്ര ഇക്കോലാബലിംഗ് ഏജന്‍സിയായ അക്വാകള്‍ച്ചര്‍ സ്റ്റിവാര്‍ഡ്ഷിപ്പ് കൗസിലിന്റെ (എ എസ് സി) സഹകരണവും കുഫോസ് തേടുന്നുണ്ട്. സീഫുഡ്‌സര്‍ട്ടിഫിക്കേഷന്റെ ലോകത്തെ തന്നെ ഏറ്റവും വിശ്വാസ്യതയുള്ള എജന്‍സിയാണ് നെതര്‍ലാന്‍ഡ് ആസ്ഥാനമായുള്ള എ എസ് സി. കൃഷിരീതിയില്‍ എ എസ് സിയുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയാണെങ്കില്‍ മുടക്കുമുതലിന്റെ 60 ശതമാനവും ഏജന്‍സി വഹിക്കുമെന്നത് കര്‍ഷകര്‍ക്ക് വലിയ മുതല്‍ക്കൂട്ടാകും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 കര്‍ഷകര്‍ക്കാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരമുള്ളത്. താത്പര്യമുള്ള കര്‍ഷകര്‍ ഫിനാന്‍സ് ഓഫീസര്‍, കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് എന്ന പേരില്‍ എറണാകുളത്ത് മാറാവുന്ന രീതിയില്‍ 1000 രൂപ ഡി ഡി എടുക്കണം. വിശദവിരങ്ങള്‍ക്ക് 0484-2502587, 9645903087, 9446032977 എന്ന നമ്പരുകളില്‍ ബന്ധപ്പെടണം.