Connect with us

Articles

മാതൃകകളുടെ അനിവാര്യത

Published

|

Last Updated

വില്‍ഡ്യൂറന്റ് എഴുതിയ “പ്ലെഷേഴ്‌സ് ഓഫ് ഫിലോസഫി” എന്ന ഗ്രന്ഥത്തില്‍ ദുര്‍മാതൃകയാണ് സമൂഹം വഷളാകുന്നതിന്റെ മുഖ്യകാരണമെന്ന് സമര്‍ത്ഥിക്കുന്നുണ്ട്. മാതാപിതാക്കളുടെ ജീവിതം മാതൃകാപരമാണെങ്കില്‍ മാത്രമേ പുതിയ തലമുറ നല്ലവരാകുകയുള്ളൂ. ഒരു അധ്യാപകന്‍ എങ്ങനെയാണോ അങ്ങനെതന്നെ വിദ്യാര്‍ഥികളും ആയിത്തീരുമെന്ന് ഡോ.ഹെയിം ജിനട്ട് അഭിപ്രായപ്പെടുന്നു. മാതാവും പിതാവും അധ്യാപകരും ചേര്‍ന്നാണ് തലമുറകളെ വാര്‍ത്തെടുക്കുന്നത്. അവര്‍ നല്‍കുന്ന മാതൃകയാണ് പുതിയ തലമുറക്ക് പ്രചോദനമേകുന്നത്. തുടര്‍ച്ചയായ സന്മാതൃക കൊണ്ടേ നല്ല സ്വഭാവവും പെരുമാറ്റരീതികളും കുട്ടികള്‍ അഭ്യസിക്കുകയുള്ളൂ.
ശിശുക്കളുടെ ഭാവി മാതാപിതാക്കളുടെ കരങ്ങളിലാണെന്ന് നെപ്പോളിയന്‍ പറയുന്നുണ്ട്. കുടുംബാന്തരീക്ഷമാണ് മൂല്യബോധനത്തിന്റെ കളരി. സ്‌നേഹവും കരുതലും കരുണയും കാവലും, മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള ഉറ്റബന്ധവുമാണ് കുഞ്ഞുങ്ങള്‍ ഏറ്റവും വിലപ്പെട്ടതായി കരുതുന്ന സമ്പാദ്യം. മാതാപിതാക്കള്‍ നല്കുന്ന പണമോ, ആഡംബര ജീവിത സൗകര്യങ്ങളോ അല്ല, മറിച്ച് അവരുടെ മാതൃകാപരമായ ജീവിതമാണ് കുട്ടികള്‍ക്ക് മുഖ്യമായും വേണ്ടത്. പ്രതികൂലമായ തന്റെ കുടുംബാന്തരീക്ഷത്തെക്കുറിച്ച് ക്രിസ്റ്റോപ്ക് മീക്കല്‍ എഴുതി; “”ആദമും ഹൗവ്വയും പറുദീസയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. എന്നാല്‍ പറുദീസയുടെ കവാടങ്ങള്‍ എനിക്കു നേരെ കൊട്ടിയടച്ചത് എന്റെ അച്ഛനാണ്””. കുടുംബ സാഹചര്യങ്ങളാണ് കുട്ടികളെ ചട്ടമ്പികളും താന്തോന്നികളും ആക്കുന്നത്. പകയുമായി വളരുന്ന കുട്ടി ആക്രമിക്കാന്‍ പരിശീലിക്കുന്നുവെന്ന് ലൊ നൊള്‍റ്റോ എന്ന ചിന്തകന്‍ പറയുന്നു. വിവിധ പഠനങ്ങള്‍ വെളിപ്പെടുത്തുന്നതു പ്രകാരം, ദുര്‍ഗുണ പരിഹാര പാഠശാലകളില്‍ എത്തപ്പെട്ട കുട്ടികളില്‍ 80 ശതമാനവും കുടുംബകലഹങ്ങളെത്തുടര്‍ന്നും അച്ഛന്റെ മദ്യപാനശീലം മൂലവും സ്വഭാവവൈകല്യങ്ങളിലേക്ക് നീങ്ങിയവരാണ്. ബാക്കി 20 ശതമാനം പട്ടാളച്ചിട്ടയില്‍ വളര്‍ത്തുന്ന ഉന്നത കുടുംബങ്ങളിലുള്ളവരുടെ മക്കളാണ്.
അശുദ്ധവര്‍ഗമെന്ന് മുദ്രകുത്തി 60 ലക്ഷം യഹൂദന്മാരെ കൊന്നൊടുക്കിയ ഹിറ്റ്‌ലറെ സൃഷ്ടിച്ചത് അദ്ദേഹത്തിന്റെ ബാല്യകാലത്തെ, പിതാവില്‍നിന്നുള്ള തിക്താനുഭവങ്ങളാണെന്ന് മെയിന്‍ കാംഫ് (Mein Kamf) എന്ന ആത്മകഥയില്‍ പറയുന്നുണ്ട്. ഹെന്റി ഫ്രെഡറിക് അമീല്‍ എന്ന എഴുത്തുകാരന്‍ പറയുന്നു; “”ഒരു പിതാവോ മാതാവോ എന്തു പറയുന്നു അഥവാ ചൊല്ലിക്കൊടുക്കുന്നു എന്നതിനെ ആശ്രയിച്ചല്ല, തങ്ങള്‍ എന്തായിരിക്കുന്നുവോ എന്നതിനെ ആശ്രയിച്ചാണ് ഒരു കുട്ടിയുടെ വളര്‍ച്ചയും പക്വതയും”” പ്രവൃത്തിക്ക് വാക്കുകളേക്കാളേറെ ശബ്ദമുണ്ട്. വാക്കും പ്രവര്‍ത്തനവും തമ്മില്‍ അന്തരമുണ്ടാകരുത്. സ്വന്തം മാതൃകയിലൂടെയും ജീവിത സാക്ഷ്യത്തിലൂടെയുമാണ് ഏറ്റവും ഫലപ്രദമായി മൂല്യങ്ങള്‍ വിനിമയം ചെയ്യുവാന്‍ സാധിക്കുന്നത്. മൂല്യങ്ങളിലധികവും കുടുംബാന്തരീക്ഷത്തിലും മാതാപിതാക്കളുടെ ജീവിതത്തിലും നിഴലിച്ചുകണ്ട മൂല്യങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ടവയാണ്. സ്‌നേഹവും പ്രോത്സാഹനവും നിറഞ്ഞ അന്തരീക്ഷത്തിലാണ് കുട്ടികള്‍ നന്നായി വളരുന്നത്.
“”യഥാ മാതാ പിതാ തഥാ സുതാ””. മാതാപിതാക്കള്‍ എങ്ങനെയാണോ മക്കള്‍ അങ്ങനെയാകും എന്നാണ് ചൊല്ല്. ശൈശവ-ബാല്യ-കൗമാര കാലഘട്ടങ്ങളില്‍ സമയോചിതമായ തിരുത്തലുകളും അവസരോചിതമായ സ്‌നേഹശാസനകളും കാലാനുസൃതമായ നിര്‍ദ്ദേശങ്ങളും പ്രസക്തമായ ഉള്‍ക്കാഴ്ചകളും നിരന്തരമായ ഓര്‍മപ്പെടുത്തലുകളും നല്കുമ്പോഴാണ് മക്കള്‍ നന്നാവുന്നത്. മാതാപിതാക്കളുടെ ഓരോ വാക്കും പ്രവൃത്തിയും കുട്ടികളുടെ സ്വഭാവ രൂപവത്കരണമെന്ന പട്ടുവസ്ത്രത്തിന്റെ ഊടും പാവുമാണെന്ന് ഡേവിഡ് വില്‍െക്കന്‍സണ്‍ പറയുന്നുണ്ട്. എബ്രഹാം ലിങ്കണ്‍ പറയുന്നു; “”ഒരു ശിശുവിനെ ഏതുരീതിയില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ ആ രീതിയില്‍ ജീവിക്കുക””. ഓര്‍ക്കുക; മാതൃക അനിവാര്യതയാണ്. (9847034600).