Connect with us

Editorial

ഗ്രൂപ്പ് വഴക്കുകളുടെ നേട്ടം വര്‍ഗീയ രാഷ്ട്രീയത്തിന്

Published

|

Last Updated

കോണ്‍ഗ്രസ് കേരള ഘടകത്തിലെ ചേരിപ്പോര് അവസാനിപ്പിക്കാന്‍ കേന്ദ്രനേതൃത്വവും കെ പി സി സി അധ്യക്ഷനും ശ്രമങ്ങള്‍ തുടരവെ, സംസ്ഥാന നേതൃത്വത്തിലും അണികള്‍ക്കിടയിലും അത് പൂര്‍വോപരി ശക്തി പ്രാപിക്കുകയാണ്. ചാവക്കാട് തിരുവത്രയിലെ എ, ഐ ഗ്രൂപ്പ് പോര് എ വിഭാഗക്കാരനായ ഹനീഫയെന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലാണ് കലാശിച്ചത്. വെള്ളിയാഴ്ച രാത്രി ഹനീഫയുടെ വിടിന് സമീപം ഉമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുമ്പിലിട്ടാണ് എതിര്‍ ചേരിക്കാര്‍ അദ്ദേഹത്തെ കുത്തിക്കൊന്നത്. പ്രദേശത്തെ ഗ്രൂപ്പ് വഴക്കിന്റ ഭാഗമായി കഴിഞ്ഞ മാസം ഹനീഫയുടെ സഹോദര പുത്രന് വെട്ടേറ്റിരുന്നു. ഒരു വര്‍ഷം മുമ്പ് തൃശൂര്‍ ജില്ലയിലെ തന്നെ അയ്യന്തോളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മധു ഈച്ചരത്തും, ലാല്‍ജി കൊള്ളനൂരും വധിക്കപ്പെട്ടു. മധുവിനെ ഭാര്യയുടെ മുമ്പിലിട്ട് ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും ലാല്‍ജിയെ സ്‌കൂട്ടര്‍ യാത്രക്കിടെ വഴിയില്‍ വെച്ചു തല വെട്ടിപ്പിളര്‍ത്തിയുമാണ് കൊന്നത്.
കോണ്‍ഗ്രസിലെ ചേരിപ്പോര് കാരണം ഭരിക്കാന്‍ നേരമില്ലാത്ത അവസ്ഥയാണ് സര്‍ക്കാറിന്. തുടക്കത്തില്‍ എ ഐ വിഭാഗങ്ങളുടെ മന്ത്രിസഭാ പ്രാതിനിധ്യമായിരുന്നു പ്രശ്‌നം. പിന്നീട് രമേശ് ചെന്നിത്തലയുടം മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച തര്‍ക്കം മാസങ്ങളോളം നീണ്ടു. ഹൈക്കമാന്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് അത് പരിഹരിച്ചെങ്കിലും ബാര്‍കോഴ പ്രശ്‌നത്തില്‍ കെ എം മാണിയെ പിന്തുണക്കാനായി മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിനെ തള്ളിപ്പറഞ്ഞതോടെ ഗ്രൂപ്പിസം പിന്നെയും രൂക്ഷമായി. നിയമസഭയിലേക്കും വ്യാപിച്ചു ഈ ശീതസമരം. സഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ നിന്ന് ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ വിട്ടുനിന്നു. ക്രമേണ ഇത് വിഴുപ്പലക്കലിലെത്തിയപ്പോള്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശ പ്രകാരം മെയ് മധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രഡിഡണ്ട് വി എം സുധീരനും തമ്മില്‍ ചര്‍ച്ച നടത്തി വാക്‌പോര് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എങ്കിലും പ്രാദേശിക തലങ്ങളില്‍ ഭിന്നത ഇപ്പോള്‍ രൂക്ഷമാണ്. പത്തനംതിട്ടയിലും കാസര്‍കോട്ടും തൃശൂരും കൊച്ചിയിലും മറ്റും ഭിന്നത തെരുവുകളിലേക്കിറങ്ങുകയും പോര്‍വിളികളും കൊലവിളികളും കൊലക്കത്തി പ്രയോഗവുമൊക്കെയായി വളരുകയും ചെയ്യുന്നു.
ടി പി ചന്ദ്രശഖരന്‍ വധത്തിന് ശേഷം അക്രമ രാഷ്ട്രീയം ആയുധമാക്കിയായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സി പി എമ്മിനെ പ്രതിരോധിച്ചിരുന്നത്. സി പി എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് ക്യാമ്പയിന്‍ സംഘടിപ്പിക്കുകയുമുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെയും അരുവിക്കര ഉപതിരഞ്ഞെടുപ്പിലെയും യു ഡി എഫ് വിജയത്തിന് ഇത് സഹായകവുമായി. തൃശൂരിലെ കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്ക് മൂന്ന് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കലാശിച്ചതോടെ പാര്‍ട്ടിയുടെ ഈ പ്രചാരണ ആയുധത്തിന്റെ മുനയൊടിഞ്ഞിരിക്കയാണ്. അയ്യന്തോള്‍, തിരുവത്ര സംഭവങ്ങള്‍ ആസന്നമായ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയായേക്കുമോ എന്ന ഭയാശങ്കയിലാണിപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം.
സി പി എമ്മിലും ഗ്രൂപ്പ് വഴക്ക് രൂക്ഷമാണ്. വി എസി ന്റെ നാക്ക് പിടിച്ചു കെട്ടാന്‍ സംസ്ഥാന നേതൃത്വവും പി ബിയും പലവട്ടം ശ്രമിച്ചെങ്കിലും തരം കിട്ടിയാല്‍ അദ്ദേഹം എല്ലാ നിയന്ത്രണങ്ങളെയും ഭേദിച്ചു ഔദ്യോഗിക വിഭാഗത്തെ ആക്രമിച്ചു കൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ രാഷ്ട്രീയം നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ഐക്യ ജനാധിപത്യ മുണിയുടെയും ഇടത് മുന്നണിയുടെയും നേതൃ പദവി കൈയാളുന്ന കോണ്‍ഗ്രസിലെയും സി പി എമ്മിലെയും ചേരിപ്പോര് മതേതര ജനാധിപത്യത്തിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കുകയും അതിന്റെ വിടവില്‍ വര്‍ഗീയ രാഷ്ട്രീയം പിടിമുറുക്കുകയും ചെയ്യുമെന്ന് ഇരുപാര്‍ട്ടി നേതൃത്വവും ഓര്‍ക്കേണ്ടതുണ്ട്. ഉത്തരേന്ത്യയിലും ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബി ജെ പി വളര്‍ച്ച പ്രാപിക്കുകയും അധികാരത്തിലേറുകയും ചെയ്‌തെങ്കിലും എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചിട്ടും കേരള നിയമ സഭയില്‍ അക്കൗണ്ട് തുറക്കാന്‍ അവര്‍ക്കിതു വരെ സാധിച്ചിട്ടില്ല. കേന്ദ്രത്തിലെ ഭരണ സ്വാധീനവും അമിത്ഷായുടെ സംഘാടക മികവും ഉപയോഗപ്പെടുത്തി അടുത്ത തിരഞ്ഞെടുപ്പില്‍ കേരള നിയമസഭയില്‍ പാര്‍ട്ടി പ്രതിനിധികളെ എത്തിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണിപ്പോള്‍ ബി ജെ പി ദേശീയ നേതൃത്വം. അരുവിക്കരയില്‍ പാര്‍ട്ടിയുടെ വോട്ട് കുത്തനെ ഉയര്‍ന്നത് അവര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെയും സി പി എമ്മിലെയും ഗ്രൂപ്പ് വഴക്കും അഴിമതി രാഷ്ട്രീയവും അണികളെ ബി ജെ പിയിലേക്കാകര്‍ഷിക്കുന്നുമുണ്ട്. കാര്യങ്ങള്‍ ഇതേ അവസ്ഥയില്‍ തന്നെ മുന്നോട്ട് പോയാല്‍ ഇതര സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും മതേതര കക്ഷികള്‍ക്കുണ്ടായ തകര്‍ച്ച കേരളത്തിലും ആവര്‍ത്തിക്കുകയും സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയുമായിരിക്കും ഫലം. ഗ്രൂപ്പ് വഴക്കുകള്‍ അവസാനിപ്പിച്ച് ആസന്നമായ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഏെഏഏഏഏഏഏഏ#േഞ്ഞടുപ്പും ഒറ്റക്കെട്ടായി നേരിടാന്‍ കോണ്‍ഗ്രസും സി പി എമ്മും സജ്ജമാകേണ്ടത് വര്‍ഗീയ രാഷ്ടീയത്തെ പ്രതിരോധിക്കാന്‍ അനിവാര്യമാണ്. പാര്‍ട്ടി കുടുംബങ്ങളില്‍ വിധവകളുടെയും അനാഥകളുടെയും എണ്ണം വര്‍ധിക്കാതിരിക്കാനും ഈ ലക്ഷ്യത്തില്‍ ഒരു ഉറച്ച തീരുമാനം നേതൃത്വങ്ങളില്‍ നിന്നുണ്ടാകേണ്ടതുണ്ട്.

Latest