Connect with us

National

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയ വിദഗ്ധ സമിതിയുടെ പച്ചക്കൊടി. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കാന്‍ സമിതി ശിപാര്‍ശ ചെയ്തു. പദ്ധതിക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകളെല്ലാം തള്ളിക്കൊണ്ടാണ് തീരുമാനം. പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രമേ തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാവൂവെന്ന് സമിതി കെ എസ് ഇ ബി ലിമിറ്റഡിന് നിര്‍ദേശം നല്‍കി. പദ്ധതിക്ക് അനുകൂലമായി കേന്ദ്ര ജല കമ്മീഷനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പദ്ധതിക്ക് 2007ല്‍ അനുവദിച്ച പരിസ്ഥിതി അനുമതി മരവിപ്പിച്ചുകൊണ്ടുള്ള 2010ലെ കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിക്കാന്‍ സമിതി കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. ആദിവാസികളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെടുമെന്നുമുള്ള പരിസ്ഥിതി സംഘടനകളുടെ വാദം സമിതി തള്ളി. പദ്ധതിപ്രദേശത്തെ ജൈവവൈവിധ്യം നഷ്ടപ്പെടുമെന്ന വാദവും അംഗീകരിച്ചില്ല. പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്‌തെങ്കിലും കേന്ദ്ര വനം മന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതികളില്‍ കെ എസ് ഇ ബി ലിമിറ്റഡ് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് സമിതി വിലയിരുത്തി. അതിരപ്പിള്ളിയില്‍ 163 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതി നിര്‍മിക്കാനാണ് കെ എസ് ഇ ബി ലക്ഷ്യമിടുന്നത്. പദ്ധതിക്ക് 2007ല്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നു. എന്നാല്‍, പദ്ധതി വലിയ പരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ വനം, പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ്, 2010ല്‍ കെ എസ് ഇ ബിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷം അനുമതി റദ്ദാക്കുകയായിരുന്നു.
ഇതിനെതിരെ കെ എസ് ഇ ബി നിരത്തിയ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ പരിസ്ഥിതി അനുമതിക്കുള്ള ശിപാര്‍ശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. പദ്ധതിക്ക് ആവശ്യമായ നീരൊഴുക്ക് ചാലക്കുടിപ്പുഴയില്‍ ഉണ്ടെന്ന് നേരത്തെ ദേശീയ ജല കമ്മീഷനും വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2010 മുതല്‍ മൂന്ന് വര്‍ഷത്തെ നീരൊഴുക്കിന്റെ കണക്കാണ് കേന്ദ്ര ജല കമ്മീഷന്‍ സമര്‍പ്പിച്ചത്. പുഴയില്‍ 1,022 ദശലക്ഷം ഘന അടി ജലലഭ്യതയുണ്ടെന്നും വേനല്‍ക്കാലത്തും ആവശ്യത്തിന് ജലം ലഭിക്കുന്നുണ്ടെന്നുമായിരുന്നു ജല കമ്മീഷന്റെ കണ്ടെത്തല്‍. 7.56 ഘനമീറ്റര്‍ ജലം അതിരപ്പിള്ളിയില്‍ ഒഴുകിയെത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
പദ്ധതിക്ക് അംഗീകാരം തേടി സംസ്ഥാന വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച അപേക്ഷയിലെ കണക്കുകളുമായി ചേര്‍ന്ന് പോകുന്നതായിരുന്നു ജല കമ്മീഷന്റെ റിപ്പോര്‍ട്ടും. പദ്ധതി നടപ്പാക്കിയാല്‍ 140 ഹെക്ടര്‍ വനഭൂമി വെള്ളത്തില്‍ മുങ്ങുമെന്ന വാദവും ജല കമ്മീഷന്‍ തള്ളിയിരുന്നു. പശ്ചിമഘട്ടത്തില്‍ 230 മെഗാവാട്ടില്‍ താഴെയുള്ള പദ്ധതികള്‍ നടപ്പാക്കാമെന്ന് കസ്തൂരി രംഗന്‍ സമിതിയുടെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു.

Latest