Connect with us

Kerala

പരിശീലനത്തിനിടെ എന്‍ സി സി കേഡറ്റ് വെടിയേറ്റ് മരിച്ചു

Published

|

Last Updated

കോഴിക്കോട്: വെസ്റ്റ്ഹില്ലിലെ സൈനിക കേന്ദ്രത്തില്‍ നടന്ന പരിശീലനത്തിനിടെ എന്‍ സി സി കേഡറ്റ് വെടിയേറ്റ് മരിച്ചു. കൊല്ലം പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജിലെ ബിരുദ വിദ്യാര്‍ഥി ധനുഷ് കൃഷ്ണ (19) യാണ് മരിച്ചത്. പത്തനാപുരം മാലൂര്‍ കോളജ് ശ്രീഹരി ഹൗസില്‍ പരേതനായ രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ – രമാദേവി ദമ്പതികളുടെ മകനാണ്. തോക്ക് വൃത്തിയാക്കുന്നതിനിടെ ധനുഷിന് അബദ്ധത്തില്‍ സ്വയം വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്ന ക്യാമ്പിനുള്ളിലേക്ക് പ്രവേശിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ അധികൃതര്‍ അനുവദിച്ചില്ല.

kollm phtot

ഇന്നലെ ഉച്ചക്ക് ഒന്നേമുക്കാലോടെയാണ് അപകടം. വെസ്റ്റ്ഹില്ലില്‍ മൂന്ന് ദിവസം മുമ്പാണ് എന്‍ സി സി കേഡറ്റുകളുടെ ഇന്റര്‍ ഗ്രൂപ്പ് കോര്‍ ഫയറിംഗ് ക്യാമ്പ് തുടങ്ങിയത്. പരിശീലനത്തിനിടെ ഭക്ഷണത്തിന് പിരിഞ്ഞ ശേഷം ക്യാമ്പില്‍ മടങ്ങിയെത്തിയ ധനുഷ് റൈഫിള്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
തോക്കിനകത്ത് ഒരു തിര ബാക്കിയുണ്ടായിരുന്ന വിവരം വിദ്യാര്‍ഥിയും പരിശീലകരും ശ്രദ്ധിച്ചിരുന്നില്ല. തിര നെഞ്ചില്‍ തുളച്ചുകയറുകയായിരുന്നു. വെടിയേറ്റ് നിലത്തുവീണ ധനുഷിനെ മറ്റു വിദ്യാര്‍ഥികളും പരിശീലകരും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സിറ്റി പോലീസ് കമ്മീഷണര്‍ പി എ വത്സന്‍ സംഭവസ്ഥലത്തെത്തി കേഡറ്റുകളുടെ മൊഴി രേഖപ്പെടുത്തി. നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചതായി കമ്മീഷണര്‍ അറിയിച്ചു.