Connect with us

National

സുനന്ദ പുഷ്‌കര്‍ കെല്ലപ്പെട്ടതു തന്നെയെന്ന്‌ ഡല്‍ഹി പോലീസ്

Published

|

Last Updated



ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് എം പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ കൊലചെയ്യപ്പെട്ടതാണെന്ന് ഡല്‍ഹി പോലീസ്. ഈ സംഭവത്തില്‍ കൊലക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സുനന്ദയെ ദുരൂഹ സാഹചര്യത്തില്‍ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ് അവര്‍ മരിച്ചതെന്ന് ഡല്‍ഹി പോലീസ് കമ്മീഷനര്‍ ബി എസ് ബാസിന്‍ പറഞ്ഞു. പക്ഷെ, ഏത് തരം വിഷമാണ് ഉപയോഗിച്ചതെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
വിഷം വായയില്‍ ഒഴിച്ചുകൊടുത്തതാണോ അതല്ല ശരീരത്തില്‍ കുത്തിവെച്ചതാണോ എന്ന കാര്യമാണ് ഇപ്പോള്‍ അന്വേഷിക്കുന്നതെന്നും പോലീസ് കമ്മീഷനര്‍ പറഞ്ഞു. വിഷം അവര്‍ സ്വയം കഴിച്ചതാണോ അതല്ല അവരെ ബലം പ്രയോഗിച്ച് കഴിപ്പിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

പോലീസ് ഫയല്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ആരുടെയും പേര്‍ പറഞ്ഞിട്ടില്ല. “സംശയിക്കുന്നവരെ ചോദ്യം ചെയ്യും”- പോലീസ് കമ്മീഷനര്‍ പറഞ്ഞു.
സുനന്ദയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മെഡിക്കല്‍ ബോര്‍ഡ് അന്നുതന്നെ സുനന്ദയുടേത് “അസ്വാഭാവിക” മരണമാണെന്ന് സൂചന നല്‍കിയിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മാറ്റി എഴുതാന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തനിക്ക്‌മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് അന്ന് എ ഐ ഐ എം എസ് മേധാവിയായിരുന്ന ഡോ. സുധീര്‍ ഗുപ്ത വെളിപ്പടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു.