Connect with us

Kerala

ചാവക്കാട് കൊലപാതകം: ഐ ഗ്രൂപ്പിന് കെ പി സി സിയുടെ താക്കീത്

Published

|

Last Updated

ഹനീഫ

തിരുവനന്തപുരം: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വീകരിച്ച അച്ചടക്ക നടപടി അംഗീകരിക്കാത്ത ഐ ഗ്രൂപ്പിന് കെ പി സി സിയുടെ താക്കീത്. പാര്‍ട്ടി തീരുമാനങ്ങളെ സമ്മര്‍ദങ്ങളിലൂടെ തിരുത്താനോ ദുര്‍ബലപ്പെടുത്താനോ കഴിയില്ലെന്ന് പ്രസിഡന്റ് വി എം സുധീരന്‍ മുന്നറിയിപ്പ് നല്‍കി. ഗ്രൂപ്പ് അതിപ്രസരത്തിന്റെ പേരില്‍ പാര്‍ട്ടിക്ക് ദോഷകരമായ ഏതെങ്കിലും പ്രവര്‍ത്തനമുണ്ടായാല്‍ കര്‍ശനമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ് ബാബുവിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ഐ ഗ്രൂപ്പ് നേതാവുമായ ഗോപപ്രതാപനെ പുറത്താക്കിയ ശേഷം ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. ഈ തീരുമാനത്തിനെതിരെ സി എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് രംഗത്തെത്തി.
സ്വാഭാവിക നീതി നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി ഐ ഗ്രൂപ്പ് കെ പി സി സി ക്ക് പരാതി നല്‍കാനിരിക്കെയാണ് വി എം സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം, അച്ചടക്ക നടപടിയില്‍ അതൃപ്തി അറിയിച്ച് ഐ ഗ്രൂപ്പ് കത്ത് നല്‍കിയിട്ടുണ്ടോയെന്ന ചോദ്യത്തിന്, ആരും തന്നെ ഇക്കാര്യത്തില്‍ സമീപിച്ചിട്ടില്ലെന്നായിരുന്നു സുധീരന്റെ മറുപടി. ഐ ഗ്രൂപ്പ് ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ ഇന്നലെ ചേര്‍ന്ന ഏകോപന സമിതി യോഗത്തില്‍ നിന്ന് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ വിട്ടുനിന്നു. ചാവക്കാട്ടെ പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കെ പി സി സി പ്രസിഡന്റും നേരിട്ട് ചര്‍ച്ച നടത്താനാണ് ഏകോപന സമിതിയിലുണ്ടായ ധാരണ. ചാവക്കാട് സംഭവം ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്തതായിരുന്നു. അതീവ ഗൗരവത്തോടെയാണ് പാര്‍ട്ടി ഇതിനെ കാണുന്നത്. പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ താത്കാലികമായെങ്കിലും ചില പ്രയാസങ്ങളുണ്ടാക്കാന്‍ ഇതു പോലുള്ള സംഭവങ്ങള്‍ കാരണമായിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഒരു കാരണവശാലും ഇത്തരം സംഭവങ്ങള്‍ വെച്ചു പൊറുപ്പിക്കില്ല. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ അവസരം ലഭിക്കുന്നതാണ് പഞ്ചായത്ത്, നഗരസഭാ തിരഞ്ഞെടുപ്പുകള്‍. വ്യക്തി, ഗ്രൂപ്പ് താത്പര്യം പരിഗണിച്ചു കൊണ്ട് പാര്‍ട്ടിക്ക് ദോഷകരമാവുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുതലത്തിലുമുണ്ടാവാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് സുധീരന്‍ പറഞ്ഞു.