Connect with us

Ongoing News

തിരഞ്ഞെടുപ്പ് നീണ്ടാല്‍ ജയസാധ്യതയെ ബാധിക്കും

Published

|

Last Updated

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നീട്ടിവെച്ചാല്‍ വിജയസാധ്യതയെ ബാധിക്കുമെന്ന് സര്‍ക്കാ ര്‍- കെ പി സി സി ഏകോപനസമിതി വിലയിരുത്തല്‍. അപ്പീല്‍ പോയാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പ് നീട്ടിവെക്കരുതെന്നായിരുന്നു ഇന്നലെ ചേര്‍ന്ന യോഗത്തിന്റെ പൊതുവികാരം. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് മികച്ച വിജയസാധ്യതയുണ്ട്. വിവാദങ്ങളുണ്ടാക്കി യു ഡി എഫിന്റെ വിജയസാധ്യത ഇല്ലാതാക്കരുതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

2010ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്താമെന്ന കമ്മീഷന്‍ നിര്‍ദേശവും പരിഗണിക്കാമെന്ന അഭിപ്രായം യോഗത്തിലുയര്‍ന്നു. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പിനെച്ചൊല്ലി മുസ്‌ലിം ലീഗുമായി തര്‍ക്കമുണ്ടാകരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തുടര്‍ന്ന്, ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുന്നതിന് ഏകോപന സമിതി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞുവന്ന കാര്യങ്ങളിലെ നിയമവശവും ഭരണപരമായ പ്രശ്‌നങ്ങളും പരിശോധിച്ച് മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് ഏകോപന സമിതി യോഗത്തിനു ശേഷം കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാറും കെ പി സി സിയും മുന്നോട്ടുപോവുകയാണ്. അതിനിടയിലാണ് ഹൈക്കോടതിയുടെ വിധിയുണ്ടായത്. ഏത് സാഹചര്യത്തിലായാലും തിരഞ്ഞെടുപ്പ് നീട്ടുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ല. നിശ്ചിതസമയത്ത് തിരഞ്ഞെടുപ്പ് നടത്തുകയെന്നത് ഭരണഘടനാപരമായ ചുമതലയാണ്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും യു ഡി എഫിനും വലിയ ആത്മവിശ്വാസമാണ് പകര്‍ന്നുനല്‍കിയത്. അതുകൊണ്ടുതന്നെ തദ്ദേശ തിരഞ്ഞെടുപ്പിലും തുടര്‍ന്നുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വമ്പിച്ച വിജയം കൈവരിക്കാനാവുമെന്ന ആത്മവിശ്വാസത്തോടെയാണ് യു ഡി എഫ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയെ കൂടുതല്‍ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഭവന സന്ദര്‍ശന പരിപാടി ഈ മാസം 14വരെ നടക്കും. 16ന് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പദയാത്ര നടത്തും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തണമെന്ന് ഏകോപന സമിതി യോഗം നിര്‍ദേശിച്ചതായി സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Latest