Connect with us

Sports

ലങ്ക പിടിക്കാന്‍

Published

|

Last Updated

 

സങ്കക്കാര പരിശീലനത്തില്‍

ഗാലെ: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. രണ്ട് ടീമുകളിലും മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലങ്കന്‍ മണ്ണില്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നു. ആതിഥേയരാകട്ടെ ഏഞ്ചലോ മാത്യൂസിന്റെ നെടുനായകത്വത്തില്‍ പൊരുതാനുറച്ചാണ്. ഇതിനിടെയാണ് ലങ്കന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം കുമാരസങ്കക്കാര വിടപറയലിന് തയ്യാറെടുക്കുന്നത്. ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റോടെ സങ്കക്കാര കരിയറിന് അന്ത്യമിടും.
അതുകൊണ്ടു തന്നെ ഇന്ന് ഗാലെയില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് സങ്കക്കാര ആസ്വദിച്ചുകളിക്കും. എന്തുവിലകൊടുത്തും സങ്കക്കാരയെ വലിയ സ്‌കോര്‍ നേടാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞിട്ടുണ്ട്. സങ്കക്കാര ഫോമിലേക്കുയര്‍ന്ന ടെസ്റ്റൊന്നും ലങ്കക്ക് എതിരായിട്ടില്ല. ഈ ചരിത്രം തന്നെയാണ് കോഹ്‌ലിയെ ഭയപ്പെടുത്തുന്നത്. മുരളി വിജയിന് പരുക്കേറ്റതിനാല്‍ കെ എല്‍ രാഹുലും ശിഖര്‍ധവാനും ചേര്‍ന്നാകും ഇന്നിംഗ്‌സ് ഓപണ്‍ ചെയ്യുക.

ഇന്ത്യ സാധ്യതാ സ്‌ക്വാഡ്: കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിങ്ക്യരഹാനെ, വൃഥിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്, ഇഷാന്ത് ശര്‍മ, വരുണ്‍ ആരോണ്‍, ഉമേഷ് യാദവ്.

ശ്രീലങ്ക സാധ്യതാ സ്‌ക്വാഡ്: കൗശല്‍ സില്‍വ, ദിമുത് കരുണരത്‌നെ, കുമാര്‍ സങ്കക്കാര, ഉപുല്‍തരംഗ, ഏഞ്ചലോ മാത്യൂസ്(ക്യാപ്റ്റന്‍), ദിനേശ് ചാണ്ഡിമാല്‍(വിക്കറ്റ് കീപ്പര്‍), ജിഹാന്‍ മുബാറഖ്, ധാമിക പ്രസാദ്, തരിന്ദു കൗശല്‍, രംഗന ഹെറാത്, നുവാന്‍പ്രദീപ്.

അമിത് മിശ്ര കളിക്കണം: അഗാര്‍ക്കര്‍
മുംബൈ: രവിചന്ദ്രന്‍ അശ്വിനൊപ്പം രണ്ടാം സ്പിന്നറായി അമിത് മിശ്രയെ ഉള്‍പ്പെടുത്തുന്നതാകും ഇന്ത്യക്ക് ഗുണം ചെയ്യുകയെന്ന് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ അജിത് അഗാര്‍ക്കര്‍. ഹര്‍ഭജന്‍ സിംഗിനേക്കാള്‍ കാര്യക്ഷമമാകുക ലെഗ് സ്പിന്നറായ മിശ്രയാകും. അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയുള്ള തന്ത്രമാണ് പ്രയോഗിക്കുന്നതെങ്കില്‍ ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര എന്നിവരാകും ഉചിതം. ഹര്‍ഭജന്‍ സിംഗിന് തന്റെ പട്ടികയില്‍ സ്ഥാനമില്ല- അഗാര്‍ക്കര്‍ ഇഎസ്പിഎന്‍ക്രിക്ഇന്‍ഫോ ചാനലില്‍ പറഞ്ഞു.
ബാറ്റിംഗ് ലൈനപ്പിനെ കുറിച്ചും അഗാര്‍ക്കറിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. രോഹിത് ശര്‍മ സമ്മര്‍ത്തോടെയാകും കളിക്കുകയെന്ന് അഗാര്‍ക്കര്‍ നിരീക്ഷിക്കുന്നു. ചേതേശ്വര്‍ പുജാരയെ ഒഴിവാക്കിയാണ് രോഹിത് ശര്‍മ ആസ്‌ത്രേലിയയിലും ബംഗ്ലാദേശിലും കളിച്ചത്. പക്ഷേ, വേണ്ടവിധം തിളങ്ങാനായില്ല. ഇത് ശ്രീലങ്കയില്‍ രോഹിതിനെ സമ്മര്‍ദത്തിലാഴ്ത്തും.
പുജാരയെ ഒരു സാധാരണ ബാറ്റ്‌സ്മാനല്ല. സാങ്കേതിക തികവുള്ള പ്രതിഭാധനനാണ് അയാള്‍. പുജാരക്ക് കുറേക്കൂടി സമയവും അവസരവും ലഭിക്കേണ്ടതുണ്ടെന്നും അഗാര്‍ക്കര്‍.