Connect with us

Kozhikode

പഞ്ചാബ് നാഷനല്‍ ബേങ്ക് കവര്‍ച്ച: മുഖ്യപ്രതിയുടെ ഭാര്യയെയും പ്രതിചേര്‍ത്തു

Published

|

Last Updated

കോഴിക്കോട്: പഞ്ചാബ് നാഷനല്‍ ബേങ്കിന്റെ മുഖ്യശാഖയിലെ ലോക്കറുകളില്‍ നടന്ന കവര്‍ച്ചാ കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യപ്രതിയുടെ ഭാര്യയെ കൂടി കേസില്‍ പ്രതിചേര്‍ത്തു. മുഖ്യപ്രതി പഞ്ചാബ് നാഷനല്‍ ബേങ്കിലെ ക്ലാര്‍ക്ക് പുതിയറ സ്രാമ്പിക്കല്‍ പറമ്പ് “അച്യുതം” വീട്ടില്‍ അനില്‍കുമാറിന്റെ ഭാര്യ മിനിറാണി (45)യെയാണ് പ്രതിചേര്‍ത്തത്.

ഇവരെ പ്രതിചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യില്‍ സമര്‍പ്പിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ് പി യു അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മിനിറാണിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
കല്ലായ് സ്വദേശി കെ വി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള സഊദി മുദ്രയുള്ള എട്ട് സ്വര്‍ണനാണയങ്ങള്‍ അനില്‍കുമാറിന്റെ ഭാര്യ പഞ്ചാബ് നാഷനല്‍ ബേങ്കിന്റെ മുഖ്യശാഖയില്‍ പണയം വെക്കുകയായിരുന്നെന്ന് ക്രൈംബ്രാഞ്ച് എസ് പി അറിയിച്ചു. മൂന്ന് ലക്ഷം രൂപ വായ്പയെടുത്തതില്‍ പലിശയിനത്തിലും മുതലില്‍ ഒരു ഭാഗവും ഇതിനകം തിരിച്ചടച്ചിട്ടുണ്ട്.
ബന്ധുക്കളുടെ പേരില്‍ കളവുമുതല്‍ പണയം വെക്കുകയോ ലോക്കറുകളില്‍ നിക്ഷേപിക്കുകയോ ചെയ്താല്‍ അവരെകൂടി കൂട്ടുപ്രതികളാക്കാന്‍ ക്രൈംബ്രാഞ്ച് നേരത്തെ തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം ലോക്കര്‍ കേസില്‍ അനില്‍കുമാറിന്റെ ഭാര്യയെ പ്രതിചേര്‍ക്കുകൊണ്ടുള്ള റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചത്.
അതേ സമയം മുഖ്യപ്രതി അനില്‍കുമാറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അന്വേഷണസംഘം നല്‍കിയ ഹരജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് സിറ്റി ഡി സി പി സാലിയുടെ മകള്‍ ചേവായൂര്‍ മേലേടത്ത് ശ്വേതസുധന്റെയും മരുമകളായ നമിതയുടെയും ഉടമസ്ഥതയിലുള്ള 62 പവനോളം സ്വര്‍ണവും ഒന്നര ലക്ഷം രൂപ വിലവരുന്ന വജ്രമാലയും ലോക്കറില്‍ നിന്നും കളവ് പോയ കേസിലാണ് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നത്.
ഈ കേസില്‍ ഏതാനും ദിവസം മുമ്പ് അനില്‍കുമാറിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

Latest