Connect with us

Kasargod

രാധാകൃഷ്ണന് കരള്‍ പകുത്ത് നല്‍കാന്‍ അബ്ദുല്ലയൊരുങ്ങി; പ്രണവ് നിയോഗം മാറ്റിയെഴുതി

Published

|

Last Updated

കാസര്‍കോട്: ബൈക്കപകടത്തില്‍ മരണപ്പെട്ട കായംകുളം സ്വദേശി പ്രണവിന്റെ അവയവങ്ങള്‍ ദാനം ചെയ്യപ്പെട്ട പുണ്യവൃത്തി കേരളമെങ്ങും ചര്‍ച്ച ചെയ്യുമ്പോള്‍ മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ സന്ദേശമുയര്‍ത്തി കാസര്‍കോടും മാതൃകയാകുന്നു.
ബദിയടുക്ക ഷേണി സ്‌കൂളിലെ അധ്യാപകനും എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ എസ് സോമസേഖരന്റെ സഹോദരനുമായ രാധാകൃഷ്ണന് കരള്‍ പകുത്ത് നല്‍കാന്‍ പെര്‍ള കുര്യടുക്ക സ്വദേശിയായ അബ്ദുല്ല തയ്യാറായത് സമാനതയില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രാധാകൃഷ്ണന്‍ ഏറെക്കാലമായി ചികിത്സയിലാണ്. ഇതിനിടെ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷപ്പെടണമെങ്കില്‍ കരള്‍ മാറ്റിവെക്കണമെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വിധിയെഴുതി.
ഇതോടെ വീട്ടുകാര്‍ രാധാകൃഷണന് കരള്‍ നല്‍കാന്‍ തയ്യാറുള്ള ആളെ കണ്ടെത്താനുള്ള അന്വേഷണത്തിലായി. അഡ്യനടുക്കയിലെ അബ്ദുല്ല കരള്‍ നല്‍കാമെന്ന് സമ്മതിച്ചത് അവിചാരിതമായിട്ടായിരുന്നു.
കരള്‍ നല്‍കാന്‍ തയ്യാറാകുന്ന ആളുടെയും രാധാകൃഷ്ണന്റെയും രക്തഗ്രൂപ്പുകള്‍ ഒന്നായിരിക്കണമെന്നതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ് ഒരേ രക്തഗ്രൂപ്പുകാരനായ അബ്ദുല്ലയെ കണ്ടെത്തിയത്. രണ്ട് മാസത്തോളമായി ഇതിനായി പല തരത്തിലുള്ള പരിശോധനകളും ചികിത്സകളും നടത്തുകയും ചെയ്തു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ രാധാകൃഷ്ണന്റെ കരള്‍ മാറ്റിവെക്കുന്നതിനുള്ള ശസ്ത്രക്രിയ കഴിഞ്ഞദിവസം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.
രാധാകൃഷ്ണനും ബന്ധുക്കള്‍ക്കുമൊപ്പം അബ്ദുല്ലയും എറണാകുളത്തേക്ക് പോയി. കരള്‍ മാറ്റിവെക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തിനില്‍ക്കെയാണ് കരള്‍ നല്‍കാനുള്ള നിയോഗത്തില്‍ നിന്നും വിധി അബ്ദുല്ലയെ മാറ്റിനിര്‍ത്തിയത്. ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ചാരുംമൂട് പ്രസിഡന്റ്‌സ് കോളജിലെ ബികോം വിദ്യാര്‍ഥി പ്രണവിന് മസ്തിഷ്‌ക്കമരണം സംഭവിക്കുകയും എറണാകുളം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ പ്രണവിന്റെ കരള്‍ രാധാകൃഷ്ണന് ചേരുമെന്ന് കണ്ടെത്തുകയും ചെയ്തു.
ഇതിനിടെ പ്രണവിന്റെ ഹൃദയവും ശ്വാസകോശവും ചെന്നൈയിലേക്ക് അയക്കാനുള്ള തീരുമാനവും ഉണ്ടായി. കരള്‍ രാധാകൃഷ്ണന് പകുത്ത് നല്‍കാമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തു. രാധാകൃഷ്ണന്റെ ബന്ധുക്കള്‍ ഉടന്‍തന്നെ പ്രണവിന്റെ ബന്ധുക്കളെ കണ്ട് സമ്മതപത്രം വാങ്ങി. സങ്കീര്‍ണമായ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് പിന്നീട് എറണാകുളം ആശുപത്രിയില്‍ നടന്നത്. അത് വിജയകരമാവുകയും ചെയ്തു.
പ്രണവിന്റെ കരളിന് പുറമെ ഹൃദയവും വൃക്കകളും ചെറുകുടലും വരെ ദാനം ചെയ്തതോടെ രാധാകൃഷ്ണന് പുറമെ മറ്റ് മൂന്ന് പേരുടെ ജീവന്‍ കൂടിയാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്. കരള്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും നിറഞ്ഞ മനസ്സോടെ ജീവിച്ചിരിക്കുമ്പോള്‍തന്നെ അതിന് തയ്യാറായ അബ്ദുല്ലയുടെപ്രവര്‍ത്തനം അഭിമാനം പകര്‍ന്നുനല്‍കുന്നതാണ്.
രാഷ്ട്രീയ-സാമുദായികവിരോധങ്ങളുടെ പേരില്‍ അക്രമങ്ങളും കൊലപാതകങ്ങളും കണ്ടു ശീലിച്ച കാസര്‍കോടിന് പുതിയ ഒരു പാഠം പകര്‍ന്നുനല്‍കാന്‍ അബ്ദുല്ലക്ക് കഴിഞ്ഞുവെന്നിടത്താണ് ഈ ശ്രമത്തിന്റെ മഹത്വം.

Latest