Connect with us

Kerala

മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചു: ആര്‍ ചന്ദ്രശേഖരന്‍ സമരം പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഐ എന്‍ ടി യു സി നേതാവ് ആര്‍ ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം മുതല്‍ നടത്തിവന്ന നിരാഹാരസമരം പിന്‍വലിച്ചു. കശുവണ്ടി കോര്‍പറേഷന് അനുവദിച്ച പണം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിച്ചത്. സംസ്ഥാന കശുവണ്ടി കോര്‍പറേഷന് സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു തടസപ്പെടുത്തുകയാണെന്ന് ആരോപിച്ചാണ് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റും കശുവണ്ടി കോര്‍പറേഷന്‍ ചെയര്‍മാനുമായ ആര്‍ ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. ഇന്നലെ രാത്രി എട്ടുമണിയോടെ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ സമരപ്പന്തലില്‍ എത്തി നാരങ്ങാ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.
ചന്ദ്രശേഖരന്‍ ഉന്നയിച്ച വിഷയം ഇന്നലെ മന്ത്രിസഭാ യോഗം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. കഴിഞ്ഞ ആറുമാസമായി 16,000-ത്തോളം വരുന്ന കശുവണ്ടി തൊഴിലാളികള്‍ ജോലി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ഇവരുടെ തൊഴില്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ ഇന്നാരംഭിക്കും. ഇന്നലെ രാത്രി തന്നെ ഇതുസംബന്ധിച്ചുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. ഇന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങും. വി എം സുധീരന്‍ മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും സംസാരിച്ച ശേഷമാണ് സമരപ്പന്തലില്‍ എത്തിയത്. മുഖ്യമന്ത്രി അറിയിച്ച കാര്യങ്ങള്‍ വി എം സുധീരന്‍ സമരപ്പന്തലില്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ആരംഭിച്ച സമരത്തിന് പിന്തുണ അര്‍പ്പിച്ച് ഇന്നലെ സി പി എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ചന്ദ്രശേഖരനെ സമരപ്പന്തലില്‍ സന്ദര്‍ശിച്ചിരുന്നു. കൂടുതല്‍ അപമാനത്തിലേക്ക് പോകാതെ സര്‍ക്കാര്‍ കശുവണ്ടി തൊഴിലാളികള്‍ നടത്തിയ സമരത്തിലെ ഒത്ത് തീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിച്ച് ആര്‍ ചന്ദ്രശേഖരന്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.