Connect with us

Gulf

ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സിന് വരുമാനം വര്‍ധിക്കുമെന്ന്

Published

|

Last Updated

ദുബൈ: 2016 ഒക്ടോബറില്‍ ഉദ്യാനങ്ങളും റിസോര്‍ട്ടുകളും തുറക്കുന്നതോടെ ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സിന് വരുമാനം വര്‍ധിക്കുമെന്ന് സി ഇ ഒ റഈദ് അല്‍ നുഐമി വ്യക്തമാക്കി. വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സിന് 2.9 കോടി ദിര്‍ഹം നഷ്ടമാണ് നേരിട്ടത്. അടുത്ത വര്‍ഷം കൂടുതല്‍ ഉദ്യാനങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഇതിലൂടെ കൂടുതല്‍ വരുമാനം ലഭിക്കും. രണ്ടാം പാദം അവസാനിക്കുന്നതോടെ 700 കോടി ദിര്‍ഹത്തിന്റെ പദ്ധതികളായിരുന്നു ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ് ആസൂത്രണം ചെയ്തത്. ഇതില്‍ 380 കോടിയും ഭൂമി ഏറ്റെടുക്കലിനായാണ് ചെലവഴിച്ചത്.
കഴിഞ്ഞ പാദത്തിന്റെ അവസാനത്തില്‍ ഈ ഇനത്തില്‍ 300 കോടിയുടെ വര്‍ധനവാണ് സംഭവിച്ചതെന്നും ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ് കമ്പനി സി ഇ ഒ വെളിപ്പെടുത്തി. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായാണ് രണ്ടാം പാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 2020 ആവുമ്പോഴേക്കും ദുബൈ പ്രതീക്ഷിക്കുന്നത് രണ്ടു കോടി സന്ദര്‍ശകരെയാണ്.
രണ്ടാം പാദം അവസാനത്തോടെ ഏറ്റെടുത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ 57 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ആദ്യ പാദത്തില്‍ മാത്രം 43 ശതമാനം നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു. ഹോളിവുഡ്-തീംഡ് മോഷന്‍ഗേറ്റ് ദുബൈ, ബോളിവുഡ് പാര്‍ക്‌സ് ദുബൈ, ലീഗോ ലാന്‍ഡ് ദുബൈ എന്നിവയാണ് മൂന്നു തീം പാര്‍ക്കുകള്‍. 2015ല്‍ രണ്ട് പങ്കാളിത്ത പദ്ധതികള്‍ക്കാണ് കമ്പനി കരാര്‍ ഒപ്പിട്ടത്. ഏപ്രില്‍ മാസത്തില്‍ ആദ്യ കരാര്‍ പിക്‌സോള്‍വ് ഇന്റര്‍നാഷനലുമായി ഒപ്പിട്ടു. ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോഗ്രഫി ഇന്റഗ്രേഷന്‍ പദ്ധതിയാണിത്. ഇതിലൂടെ അഞ്ചു വര്‍ഷത്തിനുള്ളില്‍ 10 കോടി ദിര്‍ഹം വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. രണ്ടാമത്തെ കരാര്‍ ഡനാട്ടയുമായായിരുന്നു. യാത്രകളില്‍ പങ്കാളിത്വത്തിനുള്ളതായിരുന്നു ഈ കരാറെന്നും അല്‍ നുഐമി പറഞ്ഞു.