Connect with us

National

ജി എസ് ടി ബില്‍ പാസ്സാക്കാന്‍ പ്രത്യേക സമ്മേളനം വിളിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം പൂര്‍ണമായി ബഹളത്തില്‍ മുങ്ങിയതോടെ ജി എസ് ടി ഉള്‍പ്പെടെയുള്ള സുപ്രധാന ബില്ലുകള്‍ പാസ്സാക്കിയെടുക്കാന്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സെപ്തംബര്‍ ആദ്യവാരം രണ്ടോ മൂന്നോ ദിവസത്തേക്കുള്ള പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് ആലോചിക്കുന്നത്. ഏകീകൃത ചരക്ക് സേവന നികുതി (ജി എസ് ടി) പാസ്സാക്കിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ജൂലൈ 21ന് ആരംഭിച്ച പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്നലെയാണ് അവസാനിച്ചത്.
വര്‍ഷകാല സമ്മേളനത്തില്‍ ജി എസ് ടി ബില്‍ പാസ്സാക്കാന്‍ കഴിയാതായതോടെ അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമത്തിന് തിരിച്ചടിയായിരിക്കുകയാണ്. ബില്‍ ലോക്‌സഭയില്‍ പാസ്സായെങ്കിലും രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരിക്കുകയായിരുന്നു. രാജ്യസഭയില്‍ സര്‍ക്കാറിന് ഭൂരിപക്ഷം കുറവായ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തിലാകും പ്രത്യേക സമ്മേളനം വിളിക്കുക. ഇന്നലെ കാബിനറ്റ് യോഗം ചേര്‍ന്നെങ്കിലും പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല.
ഐ പി എല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദിക്ക് വഴിവിട്ട് സഹായം ചെയ്ത കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാരാജെ സിന്ധ്യ, വ്യാപം അഴിമതിക്കേസില്‍ ആരോപണവിധേയനായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍ എന്നിവരുടെ രാജി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ തടസ്സപ്പെടുത്തിയത്. രാജിയില്ലാതെ ചര്‍ച്ചക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നതോടെയാണ് പാര്‍ലിമെന്റ് സമ്മേളനം പൂര്‍ണമായും തടസ്സപ്പെട്ടത്.
സുഷമാ സ്വരാജും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മില്‍ നടന്ന വാഗ്വാദങ്ങള്‍ക്കു പിന്നാലെയാണ് പാര്‍ലിമെന്റിന്റെ ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. ഉച്ചക്ക് നിര്‍ത്തിവെച്ച രാജ്യസഭ വീണ്ടും ചേര്‍ന്നപ്പോഴാണ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി അധ്യക്ഷന്‍ ഹാമിദ് അന്‍സാരി അറിയിച്ചത്. ലോക്‌സഭയില്‍ പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം മുഴക്കിയ ഇരുപത്തഞ്ച് കോണ്‍ഗ്രസ് എം പിമാരെ അഞ്ച് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത നടപടിക്കും ഇത്തവണത്തെ സമ്മേളനം സാക്ഷ്യംവഹിച്ചു.
പാര്‍ലിമെന്റിലെ കോണ്‍ഗ്രസിന്റെ നടപടികള്‍ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. പാര്‍ലിമെന്റ് സ്തംഭിപ്പിച്ച് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച തടയുകയാണെന്നും ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ പ്രചാരണം തുടങ്ങണമെന്നും എന്‍ ഡി എ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. മോദിയില്‍ നിന്നും ആര്‍ എസ് എസില്‍ നിന്നും രാജ്യത്തെ രക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.