Connect with us

International

സഖ്യസര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ച പരാജയം; തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍

Published

|

Last Updated

അങ്കാറ: സഖ്യസര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ചര്‍ച്ച പരാജയപ്പെട്ടതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഭരണകക്ഷിയായ എ കെ പാര്‍ട്ടിയും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സി എച്ച് പിയും തമ്മിലുള്ള ചര്‍ച്ച ഫലം കാണാതെ അവസാനിച്ചതായി ഇരു വിഭാഗങ്ങളിലെയും സമുന്നത നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി അഹ്മദ് ദാവുതോഗ്‌ലു ഒന്നര മണിക്കൂര്‍ നേരം സി എച്ച് പി നേതാവ് കമാല്‍ കിലിക്ദരോഗ്‌ലുമായി അങ്കാറയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള അവസാന ശ്രമമെന്ന നിലയിലാണ് അങ്കാറയില്‍ വെച്ച് ഇരുപാര്‍ട്ടി നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഫലം പരാജയമായിരുന്നുവെന്ന് ചര്‍ച്ചക്ക് ശേഷം സി എച്ച് പി ഓഫീസ് വക്താക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ ചര്‍ച്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ല. ഇനി എ കെ പി പാര്‍ട്ടിക്ക് എം എച്ച് പി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ശ്രമം നടത്താമെങ്കിലും ഇതിനുള്ള സാധ്യത വളരെ കുറവാണെന്ന് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു.