Connect with us

International

ഇസില്‍ വളര്‍ച്ചയില്‍ ഹിലാരിക്കും പങ്കുണ്ടെന്ന് ജെബ് ബുഷ്‌

Published

|

Last Updated

വാഷിംഗ്ടണ്‍: ഇറാഖിലും സിറിയയിലും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇസില്‍ തീവ്രവാദികളുടെ വളര്‍ച്ചയില്‍ ഹിലാരി ക്ലിന്റണും പങ്കുണ്ടെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജെബ് ബുഷ് കുറ്റപ്പെടുത്തി. റൊണാള്‍ഡ് റീഗണ്‍ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശകാര്യ സെക്രട്ടറി ആയിരുന്ന സമയത്ത് ഇറാഖ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ അവര്‍ പരാജയമായിരുന്നുവെന്നാണ് ജെബ് ബുഷിന്റെ കണ്ടെത്തല്‍.
വിദേശകാര്യ സെക്രട്ടറിയായിരിക്കെ സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഹിലാരി ക്ലിന്റണെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് തന്റെ ഇ മെയില്‍ വിവരങ്ങള്‍ അന്വേഷണ കമ്മീഷന് നല്‍കാന്‍ തയ്യാറാണെന്ന് ഇവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹിലാരി ക്ലിന്റണ് ഒരു ഇ മെയില്‍ ദൂരത്താണ് ജയിലെന്ന് ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ബോബി ജിന്‍ഡാലും മുന്നറിയിപ്പ് നല്‍കിയിരുന്നുയ തന്റെ സഹോദരനും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ജോര്‍ജ് ഡബ്ല്യൂ ബുഷ് 2003ല്‍ ഇറാഖ് യുദ്ധത്തിന് ഉത്തരവിട്ടത് സംബന്ധിച്ച് അമേരിക്കന്‍ ജനതക്കിടയില്‍ ഇപ്പോഴും അസംതൃപ്തിയുണ്ട്. ഇതിനെ മറച്ചുവെക്കാന്‍ കൂടിയായിരിക്കണം ഹിലാരിക്കെതിരെ ഇത്തരമൊരു ആക്രമണം നടത്തുന്നതിന്റെ പിന്നിലെ തന്ത്രമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ആയിരക്കണക്കിന് യു എസ് സൈനികര്‍ ഇറാഖ് അധിനിവേശത്തിനിടെ കൊല്ലപ്പെട്ടിരുന്നു. അധികാരത്തിലെത്തുകയാണെങ്കില്‍ കുറച്ച് സൈനികരെ ഇറാഖിലെത്തിച്ച് ശത്രുക്കളുടെ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദഹം അവകാശപ്പെട്ടു. അതുപോലെ യു എസ് സൈനികരുടെ എണ്ണം ഇപ്പോഴുള്ളതിനേക്കാള്‍ വര്‍ധിപ്പിക്കാനും താന്‍ ആഗ്രഹിക്കുന്നതായി ബുഷ് ചൂണ്ടിക്കാട്ടി.

Latest