Connect with us

National

പെഷവാര്‍ സ്‌കൂള്‍ ഭീകരാക്രമണം; ആറ് ഭീകരര്‍ക്ക് വധശിക്ഷ

Published

|

Last Updated

peshwar

പെഷാവാര്‍ സ്‌കൂളിലെ ഭീകാരാക്രമണത്തില്‍ 136 സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 151 പേര്‍ കൊലപ്പെട്ടിരുന്നു

ഇസ്‌ലാമാബാദ്: പെഷാവറില്‍ 136 സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 151 പേരെ കൊലപ്പെടുത്തിയ ആറു ഭീകരര്‍ക്ക് പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചു. ആക്രമണം നടത്താന്‍ സഹായം നല്‍കിയ ഒരാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും കോടതി വിധിച്ചു.
താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരവാദികളോട് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ മൃദുസമീപനം പുലര്‍ത്തുന്നുവെന്ന വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കേസിന്റെ വിചാരണ സൈനികകോടതിയില്‍ നടത്തി വിധി പുറപ്പെടുവിച്ചത്. പ്രതികള്‍ക്ക് നിയമസഹായം ഉള്‍പ്പെടെ നല്‍കി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് വിധി പ്രസ്താവിച്ചതെന്നും സൈനികമേധാവി ഇത് അംഗീകരിച്ചെന്നും സൈനിക വെബ്‌സൈറ്റില്‍ പ്രസ്താവനയില്‍ പറഞ്ഞു. കറാച്ചി നഗരത്തില്‍ സൈനികരെ ആക്രമിച്ച കേസില്‍ മറ്റൊരാള്‍ക്കും വധശിക്ഷ വിധിച്ചെന്ന് സൈന്യം അറിയിച്ചു. സ്‌കൂളിലേക്ക് കടക്കാന്‍ സഹായം ചെയ്തു കൊടുത്ത ആള്‍ക്ക് ജീവപര്യന്തം തടവിനും കോടതി വിധിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം പെഷാവറിലെ ആക്രമണത്തെ തുടര്‍ന്നാണ് വധശിക്ഷയ്ക്ക് ആറുവര്‍ഷമായി ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയം പാകിസ്ഥാന്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. വധശിക്ഷ പുനഃസ്ഥാപിച്ചശേഷം ഇരുനൂറോളം പേരെ പാകിസ്ഥാനില്‍ തൂക്കിലേറ്റി. ഭീകരവാദക്കേസുകളുടെ വിചാരണ സൈനിക കോടതികളില്‍ നടത്താനുള്ള പാക് സര്‍ക്കാരിന്റെ തീരുമാനം കഴിഞ്ഞയാഴ്ചയാണ് സുപ്രീംകോടതി അംഗീകരിച്ചത്.
2014 ഡിസംബറിലാണ് ലോകത്തെ നടുക്കി കൊണ്ട് താലിബാന്‍ ഭീകരര്‍ പാകിസ്ഥാനിലെ സൈനിക സ്‌കൂളില്‍ അതിക്രമിച്ചു കയറി വെടിവെയ്പ്പ് നടത്തിയത്. സൈനിക വേഷത്തില്‍ ആയുധ ധാരികളായാണ് ഭീകരര്‍ എത്തിയത്. വെടിവെയ്പ്പില്‍ 136 കുട്ടികളും സ്‌കൂളിലെ ജീവനക്കാരും ഉള്‍പ്പെടെ 150 ഓളം പേര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടിരുന്നു.