Connect with us

Wayanad

ബാങ്ക് ലിങ്കേജ് : കനറാ ബാങ്ക് അവാര്‍ഡ് വയനാട് കുടുംബശ്രീക്ക്

Published

|

Last Updated

കല്‍പ്പറ്റ: സംഘകൃഷി ഗ്രൂപ്പ് (ജെ.എല്‍.ജി) പദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ ബാങ്ക് ലിങ്കേജ് നടത്തിയ ജില്ലക്കുള്ള കനറാ ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് വയനാട് കുടുംബശ്രീ മിഷന് ലഭിച്ചു. കനറാ ബാങ്കും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. 2014-15 വര്‍ഷം 1,200 സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് 22 കോടി രൂപയും 2015-16 സാമ്പത്തിക വര്‍ഷം 5 മാസം കൊണ്ട് 2,227 സംഘകൃഷി ഗ്രൂപ്പുകള്‍ക്കായി 37 കോടി രൂപയും കനറാ ബാങ്ക് മുഖേന കുടുംബശ്രീ ജെ.എല്‍.ജികള്‍ക്ക് വായ്പ നല്‍കിയത്. ഒന്നര വര്‍ഷം കൊണ്ട് 3,427 ഗ്രൂപ്പുകള്‍ക്ക് 59 കോടി രൂപയാണ് കൃഷി ഗ്രൂപ്പുകള്‍ക്ക് അനുവദിച്ചതാണ് ജില്ല അവാര്‍ഡിന് അര്‍ഹരായത്.
സംസ്ഥാനത്ത് ചുരുങ്ങിയ കാലയളവില്‍ കൂടുതല്‍ കൃഷി ഗ്രൂപ്പുകളെ ബാങ്ക് ലിങ്കേജ് നടത്തി 59 കോടി രൂപ നല്‍കിയ ഏക ജില്ലയാണ് വയനാട്. 5 ലക്ഷം രൂപ വരെ 4 ശതമാനം പലിശക്ക് വായ്പ നല്‍കുന്ന പദ്ധതിയാണിത്. വായ്പ തുക ഒരു വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതിയാകും. ജില്ലയിലെ മുഴുവന്‍ കുടുംബശ്രീ അയല്‍കൂട്ടങ്ങളെയും ഈ സാമ്പത്തിക വര്‍ഷം ബാങ്ക് ലിങ്കേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 125 കോടി രൂപയുടെ വായ്പ ഉറപ്പാക്കുന്ന പുതിയ പദ്ധതിക്കും കനറാ ബാങ്കും കുടുംബശ്രീയും നടപടി ആവിഷ്‌കരിച്ചിട്ടുണ്ട്.
അയല്‍കൂട്ടങ്ങള്‍, ചെറുകിട സംരംഭങ്ങള്‍, സംഘകൃഷി ഗ്രൂപ്പുകള്‍, തുടങ്ങിയവക്കും പദ്ധതിയുടെ ഭാഗമായി ചെറിയ പലിശക്ക് കൂടുതല്‍ തുക അനുവദിക്കും. ഒരു ലക്ഷം സ്ത്രീകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഗോത്രമേഖലയിലെ മുഴുവന്‍ അയല്‍കൂട്ടങ്ങളെയും ഈ പദ്ധതിയുടെ ഭാഗമായി ഗ്രേഡിംഗ് ലിങ്കേജ് പൂര്‍ത്തീകരിക്കും. ആദ്യ ഘട്ടത്തില്‍ 5 സി.ഡി.എസുകെളയും രണ്ടാം ഘട്ടമായി 10 സി.ഡി.എസുകളെയും തുടര്‍ന്ന് മുഴുവന്‍ സി.ഡി.എസുകളെയും ഗ്രേഡിംഗ് ലിങ്കേജ് പൂര്‍ത്തീകരിക്കും. ജില്ലയെ 100% ബാങ്കിംഗ് ലിങ്കേജ് ജില്ലയായി പ്രഖ്യാപിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സംഘകൃഷി ഗ്രൂപ്പ് (ജെ.എല്‍.ജി) പദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ ബാങ്ക് ലിങ്കേജ് നടത്തിയ ജില്ലക്കുള്ള കനറാ ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറില്‍ നിന്നും കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി.മുഹമ്മദ് ഏറ്റുവാങ്ങി. കനറാ ബാങ്ക് കോഴിക്കോട് സര്‍ക്കിള്‍ ഡെപ്യൂടി ജനറല്‍ മാനേജര്‍ കെ.ഹരിഹരന്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റവും കൂടുതല്‍ ജെ.എല്‍.ജി ലിങ്കേജ് നടത്തിയ സി.ഡി.എസിനുള്ള അവാര്‍ഡ് റോസമ്മ ബേബി (തവിഞ്ഞാല്‍), പുഷ്പ മാത്യു (മാനന്തവാടി), രാധാ വേലായുധന്‍ (പനമരം) കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ ലിങ്കേജ് നടത്തിയ കനറാ ബാങ്ക് മാനേജര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ ജോളി അഗസ്റ്റിന്‍ (തലപ്പുഴ), എ.എം.ബാലന്‍ (മാനന്തവാടി), പി.ജെ. ജോയ് (പനമരം) എന്നിവരും അര്‍ഹരായി ലീഡ് ബാങ്ക് മാനേജര്‍ എം.വി.രവീന്ദ്രന്‍, കനറാ ബാങ്ക് കോഴിക്കോട് സര്‍ക്കിള്‍ സീനിയര്‍ മാനേജര്‍ എസ്. ശ്രീകല, കുടുംബശ്രീ കണ്‍സല്‍ട്ടന്റ് പി.കെ സുഹൈല്‍ പ്രസംഗിച്ചു.കനറാ ബാങ്ക് കോഴിക്കോട് സര്‍ക്കിള്‍ ഡിവിഷണല്‍ മാനേജര്‍ ആര്‍.വി പ്രദീപ്്, സ്വാഗതം പറഞ്ഞു.

Latest