Connect with us

Palakkad

സ്വയം സഹായസംഘം ഗ്രാമ ഫെഡറേഷനുകള്‍ വീണ്ടും സജീവമാകുന്നു

Published

|

Last Updated

അഗളി: ബ്ലോക്ക്പഞ്ചായത്തുകളുടെ കീഴിലുള്ള സ്വയം സഹായ സംഘങ്ങളുടെ ജില്ലാ ബ്ലോക്ക് ഗ്രാമ ഫെഡറേഷനുകള്‍ രൂപവത്ക്കരിച്ചു.
ജില്ലയില്‍ 13 ബ്ലോക്കുകളിലായിമൂവ്വായിരത്തോളം സംഘങ്ങളുണ്ട്.10മുതല്‍ 20വരെ കുടുംബങ്ങളാണ് ഓരോ സംഘത്തിലുമുളളത്.പുരുഷനും സ്ത്രീക്കും കൂട്ടായോ തനിച്ചോ അംഗങ്ങളാകാമെന്നതാണ് എസ് എച്ച് ജി കളുടെ പ്രത്യേകത 1999 മുതല്‍ 2012 കാലയളവില്‍ ബ്ലോക്ക്പഞ്ചായത്തുകള്‍ക്ക് കീഴില്‍ വളരെ സജീവമായിരുന്നു എസ് എച്ച് ജി കള്‍.
കേന്ദ്ര പദ്ധതിയായ എസ്ജിഎസ് വൈ വഴിയും ബേങ്ക് വായ്പകളായും റിവോള്‍വിങ് ഫണ്ടായും എസ് എച്ച് ജികള്‍ക്ക് പണം ലഭിച്ചിരുന്നു.
ചെറുകിട സംരംഭങ്ങളും കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചിരുന്നു. ഫണ്ട് ലഭിക്കാതായതോടെ രണ്ട് വര്‍ഷമായി നിര്‍ജീവമാണ് മിക്ക സംഘങ്ങളും. പഞ്ചായത്ത് തലത്തില്‍ കുടുംബശ്രീകളെപോലെ ബ്ലോക്ക്തലത്തില്‍ എസ് എച്ച് ജികളെ സജീവമാക്കാനുള്ള നീക്കത്തിന് ഗ്രാമവികസന വകുപ്പിന്റെ പിന്തുണയുണ്ട്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജോര്‍ജ് തച്ചമ്പാറ പ്രസിഡന്റായി ജില്ലാഫെഡറേഷന്‍ രൂപവത്ക്കരിച്ചു.
സജുകുഴല്‍മന്ദം സെക്രട്ടറിയും ശാന്തകുട്ടപ്പന്‍ ആലത്തൂര്‍ ട്രഷററുമാണ്. സെപ്റ്റംബറില്‍ സംസ്ഥാനതല സംഗമം പാലക്കാട് നടത്തുമെന്ന്ഭാരവാഹികള്‍ അറിയിച്ചു.
അട്ടപ്പാടി ബ്ലോക്കില്‍ 240 സംഘങ്ങളില്‍ നൂറോളമാണ് പ്രവര്‍ത്തനക്ഷമമായുള്ളത്. അഗളിയില്‍ ചേര്‍ന്ന ഫെഡറേഷന്‍ രൂപീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രാജന്‍ ഉദ്ഘാടനം ചെയ്തു.
എ രാജന്‍ ചീരക്കടവ് അധ്യക്ഷതവഹിച്ചു.

Latest