Connect with us

Gulf

അടുത്ത മാസം മുതല്‍ കമ്പനികള്‍ക്ക് ഇ-സര്‍വീസ് മാത്രം

Published

|

Last Updated

ദുബൈ: അടുത്ത മാസം ഒന്നാം തിയ്യതി മുതല്‍ കമ്പനികള്‍ക്ക് സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി മാത്രമേ ലഭ്യമാവൂവെന്ന് താമസ-കുടിയേറ്റ വകുപ്പ് വ്യക്തമാക്കി.
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളോട് ഇ-സര്‍വീസ് ഉപയോഗപ്പെടുത്താന്‍ താമസ-കുടിയേറ്റ വകുപ്പ് അഭ്യര്‍ഥിച്ചു. വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കുന്നതിന് പകരം ഇ-സര്‍വീസിലേക്ക് മാറാനാണ് അഭ്യര്‍ഥിച്ചിരിക്കുന്നത്. താമസ വിസ, വിസ പുതുക്കല്‍, വര്‍ക്ക് പെര്‍മിറ്റ്, സന്ദര്‍ശന വിസ തുടങ്ങിയവക്കായാണ് കമ്പനികള്‍ ഇ-സര്‍വീസിനെ ആശ്രയിക്കാന്‍ താമസ-കുടിയേറ്റ വകുപ്പ് അഭ്യര്‍ഥിച്ചിരിക്കുന്നത്. നിയമം എല്ലാ കമ്പനികള്‍ക്കും ബാധകമായിരിക്കുമെന്നും ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിരിക്കില്ലെന്നും വകുപ്പ് വിശദീകരിച്ചു. എല്ലാ സ്ഥാപനങ്ങളും ഓണ്‍ലൈനിലൂടെ മാത്രമേ അടുത്ത മാസം മുതല്‍ സേവനങ്ങള്‍ ലഭ്യമാവൂ.
ഇ-സേവനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ താമസ-കുടിയേറ്റ വകുപ്പിന്റെ ആസ്ഥാനത്തിനൊപ്പം 10 കേന്ദ്രങ്ങളില്‍ കൂടി സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. നേരത്തെ ഇത് രണ്ട് കേന്ദ്രങ്ങള്‍ മാത്രമായിരുന്നു. വകുപ്പിന്റെ ആസ്ഥാനത്തോ പുറത്തുള്ള ശാഖകളിലോ ഇ-സേവനം ലഭ്യമാവാന്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്ന് താമസ-കുടിയേറ്റ ആക്ടിംഗ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ വ്യക്തമാക്കി.
രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഉപേക്ഷ വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് അടുത്ത മാസം ഒന്നു മുതല്‍ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാവില്ല. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നും അദ്ദേഹം വിശദീകരിച്ചു. കമ്പനികളുടെ പ്രതിനിധികള്‍ക്ക് രജിസ്‌ട്രേഷനായി താമസ-കുടിയേറ്റ വകുപ്പിന്റെ ആസ്ഥാനത്തോ 10 കേന്ദ്രങ്ങളേയോ സമീപിക്കാമെന്ന് എന്‍ട്രി പെര്‍മിറ്റ്‌സ് ആന്‍ഡ് റെസിഡന്‍സി ഡയറക്ടര്‍ ജനറല്‍ ആക്ടിംഗ് ഡെപ്യൂട്ടി അസി. മേജര്‍ അലി മല്ലാലയും പറഞ്ഞു. അല്‍ തവാര്‍ സെന്റര്‍, അല്‍ മനാറ സെന്റര്‍, ഫെസ്റ്റിവെല്‍ സെ ന്റര്‍, അല്‍ അറബി സെന്റര്‍, അല്‍ ഖൈല്‍ മാള്‍ സെന്റര്‍, ഡനാട്ട സെന്റര്‍, ജെ എല്‍ ടി സെന്റര്‍, ദുബൈ എയര്‍പോര്‍ട്ട് ഫ്രീ സോണ്‍ സെന്റര്‍, ബിന്‍ സൗഖത്ത് സെന്റര്‍, ദിവ സെന്റര്‍ എന്നിവിടങ്ങളിലാണ് രജിസ്‌ട്രേഷന് സമീപിക്കേണ്ടത്.