Connect with us

Kasargod

ഉദിനൂര്‍ സ്‌കൂളിലെ സൈക്കിള്‍പ്പെരുമക്ക് ഇനി രജിസ്‌ട്രേഷനും

Published

|

Last Updated

തൃക്കരിപ്പൂര്‍: ഉദിനുരിലെ സൈക്കിള്‍പ്പെരുമക്ക് ഇനി റജിസ്‌ട്രെഷനും. ആയിരക്കണക്കിന് സൈക്കിളുകള്‍ പാര്‍ക്ക് ചെയ്യുന്ന ഉദിനൂര്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് സൈക്കിളുകള്‍ മോഷണം പോകുന്ന സംഭവം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സൈക്കിള്‍ സംരക്ഷണത്തിനായി രജിസ്‌ട്രേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയത്.
ചന്തേര പൊലീസിന്റെ സഹകരണത്തോടെ സ്ഥലം ചന്തേര എസ് ഐ, സ്‌കൂള്‍ എസ് പി സി ചാര്‍ജുള്ള അധ്യപകന്‍ എന്നിവരടങ്ങുന്ന സമിതിയാണ് സൈക്കിള്‍ രജിസട്രേഷന്‍ എന്ന ആശയം മുന്നോട്ടുവെച്ചത്. ഇതുപ്രകാരം നമ്പര്‍ അടങ്ങിയ റിഫഌര്‍ മുദ്ര സൈക്കിളില്‍ പതിക്കുകയും ഇത് എളുപ്പത്തില്‍ തിരിച്ചറിയല്‍ കഴിയുന്ന വിധത്തിലുമാണ് ചെയ്യുന്നത്. ഒരു പരിധിവരെ മോഷണം തടയാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.
ഉദിനൂരിന്റെ ഗ്രാമവീഥിയിലൂടെ സഞ്ചരിക്കുന്ന കുട്ടിക്കൂട്ടങ്ങളുടെ സൈക്കിളുകള്‍ ഇനിമുതല്‍ രജിസ്റ്റര്‍ നമ്പറില്‍ അറിയപ്പെടും. ആയിരത്തി ഇരുനൂറിലധികം കുട്ടികള്‍ സൈക്കിള്‍ ഉപയോഗിക്കുന്ന ഏഷ്യയിലെ നമ്പര്‍ വണ്‍ സൈക്കിള്‍ സ്‌കൂളാണ് ഉദിനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
നിരനിരയായി നീങ്ങുന്ന സൈക്കിളുകള്‍ ഉദിനൂരിന്റെ നിത്യ പ്രഭാത കാഴ്ചയാണ്. സൈക്കിള്‍ ചവിട്ടാവുന്ന പ്രായം മുതല്‍ തുടങ്ങുന്നതാണ് ഇവിടത്തെ കുട്ടികളുടെ സൈക്കിള്‍ പ്രേമം. ഉദിനൂര്‍ ഗവ. ഹൈസ്‌കൂളിലായിരിക്കും ഇതിലെ മിക്ക സൈക്കിളുകളും വിശ്രമിക്കുക.
സ്‌കൂളിലെ തണല്‍ മരങ്ങള്‍ക്ക് താഴെയും ഓപ്പണ്‍ ഓഡിറ്റോറിയത്തിലും അടുക്കും ചിട്ടയിലും നിര്‍ത്തിവെച്ചിരിക്കുന്ന സൈക്കിള്‍ വിസ്മയം ഉദിനൂരിലെത്തുന്നആരെയും അതിശയിപ്പിക്കും. ക്ലാസടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന രജിസ്റ്റര്‍ ക്രോഡീകരിച്ച് സ്‌കൂള്‍ രജിസ്റ്ററായി സൂക്ഷിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടനം 17ന് വൈകുന്നേരം മൂന്നു മണിക്ക് ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസ് നിര്‍വഹിക്കും.

Latest