Connect with us

Business

പണപ്പെരുപ്പ നിരക്ക് ഏറ്റവും താഴ്ന്ന നിരക്കില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മൊത്തവില സൂചിക അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പ നിരക്കില്‍ തുടര്‍ച്ചയായി ഒമ്പതാം മാസവും ഇടിവ്. ജൂലൈയില്‍ അവസാനിച്ച കണക്ക് പ്രകാരം മൈനസ് 4.5 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. പച്ചക്കറി, ഇന്ധന വിലയില്‍ കുറവുണ്ടായതാണ് പണപ്പെരുപ്പ നിരക്ക് കുത്തനെ ഇടിയാന്‍ കാരണം. അടുത്ത മാസം ചേരുന്ന വായ്പാ അവലോകന യോഗത്തില്‍ പലിശ നിരക്ക് കുറക്കാന്‍ ഇത് ഇടയാക്കിയേക്കും. സെപ്തംബര്‍ 29നാണ് ആര്‍ ബി ഐ യോഗം.
ജൂണ്‍ മാസത്തെ അപേക്ഷിച്ച് ജൂലൈയിലെ പണപ്പെരുപ്പ നിരക്കില്‍ 3.78 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. മൊത്തവില സൂചിക (ഡബ്ല്യു പി ഐ) അടിസ്ഥാനമാക്കിയുള്ള ജൂണ്‍ മാസത്തെ പണപ്പെരുപ്പ നിരക്ക് മൈനസ് 2.40 ആയിരുന്നു. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ 2014 നവംബര്‍ മുതല്‍ മൈനസ് ശതമാനത്തിലാണ്. കഴിഞ്ഞ ജൂലൈയില്‍ 5.41 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്.
പാല്‍, ഭക്ഷ്യയോഗ്യമായ എണ്ണ, മുട്ട, മത്സ്യം, മാംസം എന്നിവയുടെ വില താഴ്ന്നതാണ് പണപ്പെരുപ്പ നിരക്ക് ഇടിയുന്നതിന് ഇടയാക്കിയത്. സ്ഥൂലസാമ്പത്തിക സൂചകങ്ങള്‍ വിപണിയില്‍ ഇടപെടുന്നതിന്റെ അടിസ്ഥാനത്തില്‍ നയപരമായ കാര്യങ്ങള്‍ പരിഗണിക്കാതെ വായ്പാ നിരക്കുകള്‍ കുറയ്ക്കുന്നത് ആലോചിക്കുമെന്ന് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പണപ്പെരുപ്പ നിരക്ക് ഇടിയുകയും ചൈനീസ് കറന്‍സിയായ യുവാനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതും ഓഹരി വിപണിയില്‍ മുന്നേറ്റമുണ്ടാക്കി. സെന്‍സെക്‌സ് 518 പോയിന്റ് ഉയര്‍ന്ന് 28,519ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 163 പോയിന്റ് ഉയര്‍ന്ന് 8,518ലാണ് ക്ലോസ് ചെയ്തത്.

Latest