Connect with us

Kozhikode

ഖാസി മുഹമ്മദ് അവാര്‍ഡ് അസീസ് സഖാഫി വെള്ളയൂരിന്

Published

|

Last Updated

കോഴിക്കോട്: എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖാസി മുഹമ്മദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാപ്പിള ലിറ്ററേച്ചര്‍ ആന്‍ഡ് ആര്‍ട്ടി (ഖിംല)ന്റെ രണ്ടാമത് ഖാസി മുഹമ്മദ് അവാര്‍ഡിന് വെള്ളയൂര്‍ അബ്ദുല്‍ അസീസ് സഖാഫി അര്‍ഹനായി.
ദുററുല്‍ ഫവാഇദ് എന്ന അറബി ഗ്രന്ഥത്തെ വിശേഷിച്ചും മറ്റു രചനകളെ പൊതുവിലും പരിഗണിച്ചു കൊണ്ടാണ് അവാര്‍ഡ് നല്‍കുന്നത്. കാസിം ഇരിക്കൂര്‍, എന്‍ എം സ്വാദിഖ് സഖാഫി, എസ് ശറഫുദ്ദീന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ഇമാം സഅദുദ്ദീന്‍ തഫ്താസാനിയുടെ ലോകപ്രസിദ്ധ ഗ്രന്ഥമായ ശറഹുല്‍ അഖാഇദിന് അസീസ് സഖാഫി തയ്യാറാക്കിയ വിശദീകരണമാണ് 955 പേജുകളുള്ള ദുറര്‍. വിശ്വാസപരമായ ചര്‍ച്ചകളില്‍ വിദ്യാര്‍ഥികള്‍ക്കും പണ്ഡിതന്‍മാര്‍ക്കും ഒരുപോലെ ആശ്രയിക്കാവുന്ന ഒരമൂല്യ കൃതിയാണിത്. അല്‍ മന്‍ഹജുസ്സബാദ്, ജവാഹിറുല്‍ ബയാന്‍, ഇസ്‌ലാമിക വിജ്ഞാന കോശം, മുസ്‌ലിം സ്ത്രീക്കൊരു മാര്‍ഗദര്‍ശി, വൈവാഹികം യുവാക്കള്‍ക്കൊരു വഴികാട്ടി, കര്‍മസരണി എന്നിവയാണ് മറ്റു പ്രധാന കൃതികള്‍.
കാരന്തൂര്‍ മര്‍കസ് ശരീഅത്ത് കോളജിലെ മുദര്‍രിസായി സേവനമനുഷ്ഠിച്ചുവരുന്ന ഇദ്ദേഹം പ്രഭാഷണം, ഖണ്ഡനം, സംവാദം, മുഖാമുഖം എന്നീ മേഖലകളിലെല്ലാം സജീവമാണ്.
10,001 രൂപയും അംഗീകാര പത്രവും ഫലകവും അടങ്ങിയ അവാര്‍ഡ് ഇന്ന് അഴിയൂരില്‍ നടക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് വേദിയില്‍ സമ്മാനിക്കും.