Connect with us

Gulf

പ്രധാനമന്ത്രി യു എ ഇയില്‍ എത്തി

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അബൂദബി കിരീടാവകാശിയും യു എ ഇ സായുധസേനാ
ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍
അബൂദബി വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്നു

അബൂദബി: ഗള്‍ഫിലെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പുത്തന്‍ പ്രതീക്ഷയായി പ്രധാനമന്ത്രി യു എ ഇയില്‍ എത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അബൂദബി ഹംരിയയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ അബൂദബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നേരിട്ടെത്തി സ്വീകരിച്ചു. ജനറല്‍ ശൈഖ് മുഹമ്മദിനോടൊപ്പം പ്രധാനമന്ത്രി സൈനിക ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. കേന്ദ്ര വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍ തുടങ്ങിയവര്‍ മോദിയെ അനുഗമിക്കുന്നുണ്ട്.
34 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി യു എ ഇ സന്ദര്‍ശിക്കുന്നത്. 1981ല്‍ ഇന്ദിരാ ഗാന്ധിയാണ് ഇതിന് മുമ്പ് യു എ സന്ദര്‍ശിച്ചത്. ഇന്ത്യ- യു എ ഇ ബന്ധം ദൃഢമാക്കുന്നത് ലക്ഷ്യമിട്ടാണ് മോദിയുടെ സന്ദര്‍ശനം. വാണിജ്യം, നിക്ഷേപം, ഊര്‍ജം, സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. എണ്ണൂറ് കോടി യു എസ് ഡോളര്‍ ഇന്ത്യയില്‍ യു എ ഇ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു എ ഇയെ “മിനി ഇന്ത്യ” എന്നാണ് നരേന്ദ്ര മോദി വിശേഷിച്ചത്.
യു എ ഇയിലെ ഏറ്റവും വലുതും ലോകത്തെ മൂന്നാമത്തെതുമായ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ മോദി സന്ദര്‍ശനം നടത്തി. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്. രാത്രി 7.30ന് മുസഫ്ഫ വ്യവസായ നഗരത്തിലെ ഐക്കാട് സിറ്റിയില്‍ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച് മുന്നൂറിലധികം വരുന്ന ഇന്ത്യന്‍ തൊഴിലാളികളുമായി സംവദിച്ചു.
ഇന്ന് രാവിലെ 7.30ന് പരിസ്ഥിതി, ഊര്‍ജ ഗവേഷണ കേന്ദ്രമായ മസ്ദര്‍ സിറ്റിയില്‍ സന്ദര്‍ശനം നടത്തും. അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (അഡിയ) ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന്, അവിടെ വെച്ച് വ്യവസായ പ്രമുഖരെ കാണും.
ഉച്ചയോടെ ദുബൈയില്‍ എത്തുന്ന മോദി, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 3.30ന് ദുബൈ ബിസിനസ് ബേയിലെ ഒബ്‌റോയ് ഹോട്ടലില്‍ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ വിരുന്ന് സത്കാരം നല്‍കും. വൈകുന്നേരം ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി (ഐ സി ഡബ്ല്യു സി)യുടെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന പൊതു സ്വീകരണത്തില്‍ പങ്കെടുക്കും. കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് ശേഷം രാത്രി 7.30ന് പ്രധാനമന്ത്രി സദസ്സിനെ സംബോധന ചെയ്യും. ഇന്ന് രാത്രി മോദി മടങ്ങും.
സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സുരക്ഷാ മേഖലകളില്‍ പുതിയ ധാരണകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം വഴി രൂപപ്പെടുക.
ഇന്നലെ അബൂദബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാവശ്യമായ വിഷയങ്ങള്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ചൈനക്കും അമേരിക്കക്കും ശേഷം ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു എ ഇ. വ്യാപാര- വാണിജ്യ മേഖലകളില്‍ പുതിയ കരാറുകള്‍ രൂപപ്പെടുന്നത് ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകും.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

---- facebook comment plugin here -----

Latest