Connect with us

Ongoing News

ലോക ബാഡ്മിന്റണ്‍: സൈന നെഹ്‌വാളിന് വെള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെള്ളിത്തിളക്കം. വനിതാ സിംഗിള്‍സ് ഫൈനലില്‍ നിലവിലെ ചാമ്പ്യനായ സ്‌പെയ്‌നിന്റെ കരോലിന മരിന്‍ നേരിട്ട ഗെയിമുകള്‍ക്കാണ് സൈനയെ പരാജയപ്പെടുത്തിയത് (21-16, 21-19).
ലോക രണ്ടാം നമ്പര്‍ താരമായ സൈന മികച്ച രീതിയിലാണ് തുടങ്ങിയത്. ആദ്യ ഗെയിമില്‍ 7-7ന് ഒപ്പം നിന്ന സൈന പിന്നീട് പിറകിലായി. 11-7ന് സ്പാനിഷ് താരം മുന്നില്‍ കയറിയതോടെ സൈനക്ക് തൊട്ടതെല്ലാം പിഴക്കാന്‍ തുടങ്ങി. മാനസികമായി ആധിപത്യം സ്ഥാപിച്ച മരിന്‍ അതിവേഗം 21-16ന് ഗെയിം പിടിച്ചടക്കി. രണ്ടാം ഗെയിമില്‍ കുറേക്കൂടി പോരാട്ടം കണ്ടു.
മുന്‍ ലോക ഒന്നാം നമ്പര്‍ താരം വാങ് യിഹാനെ ക്വര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് സൈന സെമിയിലേക്ക് കടന്നത്. ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ഫൈനലിലെത്തുന്ന ആദ്യ താരമാണ് ലോക രണ്ടാം നമ്പര്‍ താരമായ സൈന. 2013 ലും 2014 ലും പി.വി സിന്ദു നേടിയ വെങ്കലമായിരുന്നു ഇതുവരെ ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടിയ ഉയര്‍ന്ന നേട്ടം.
ഡബിള്‍സില്‍ ജ്വാല ഗുട്ട അശ്വനി പൊന്നപ്പ സഖ്യവും ഇന്ത്യക്ക് വേണ്ടി രണ്ട് വെങ്കല മെഡലുകള്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ നേടിയിട്ടുണ്ട്. ഫൈനലില്‍ പരാജയപ്പെട്ടതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടുന്ന ആദ്യ താരമെന്ന ബഹുമതി സ്വന്തമാക്കാന്‍ സൈനക്ക് കഴിഞ്ഞില്ല.
പിഴവുകള്‍ സംഭവിച്ചു : സൈന
ജക്കാര്‍ത്ത: ക്ഷമ കെട്ടു, ധാരാളം പിഴവുകള്‍ സംഭവിച്ചു – ഫൈനലിലെ തോല്‍വിയെ കുറിച്ച് സൈനക്ക് പറയാനുള്ളത് ഇതാണ്. ഇന്ന് എനിക്കൊരിക്കലും ഏറ്റവും മികച്ച ഫോമിലേക്കുയരാന്‍ സാധിച്ചില്ല. ആദ്യ ഗെയിമില്‍ ധാരാളം പിഴവുകള്‍സംഭവിച്ചു. രണ്ടാം ഗെയിമില്‍ ലീഡ് ചെയ്‌തെങ്കിലും ധാരാളം പോയിന്റുകള്‍ നഷ്ടമായി. ഫിറ്റ്‌നെസില്‍ പ്രശ്‌നങ്ങളില്ല. പക്ഷേ, ഫൈനലിന്റെ സമ്മര്‍ദമാകാം രണ്ടാം ഗെയിമില്‍ അതിനിര്‍ണായക ഘട്ടത്തില്‍ വലിയൊരു പിഴവ് എന്റെഭാഗത്ത് നിന്നുണ്ടായി- സൈന പറഞ്ഞു.ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിച്ചതിന്റെ മുന്‍പരിചയം മരിന് ഗുണം ചെയ്തിട്ടുണ്ടെന്നുംസൈന അഭിപ്രായപ്പെട്ടു.

Latest