Connect with us

National

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് തുടരുന്നു; മരണം ആറായി

Published

|

Last Updated

ജമ്മു/ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം ആറായി. ഇന്നല നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പൂഞ്ച്, രജൗരി മേഖലയിലെ ബി എസ് എഫ് ഔട്ട്‌പോസ്റ്റുകളും അതിര്‍ത്തി ഗ്രാമങ്ങളും ലക്ഷ്യമിട്ടാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ സൈന്യം തുടര്‍ച്ചയായി ആക്രമണം നടത്തുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നതിനെ തുടര്‍ന്ന് ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ സൈന്യം ഒഴിപ്പിക്കുകയാണ്.
പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖക്ക് പുറമെ പൂഞ്ച്, സുജിയാന്‍, ബലാകോട്, ഹാമിര്‍പൂര്‍, മാന്‍ഡി സെക്ടറുകള്‍ക്ക് നേരെയാണ് കഴിഞ്ഞ എട്ട് ദിവസമായി പാക് സൈന്യം ആക്രമണം തുടരുന്നത്. ബലാകോട് സെക്ടറില്‍പ്പെട്ട ബെഹ്‌റോത് ഗ്രാമത്തിലെ നുസ്‌റത് ബീഗം ആണ് ഇന്നലെ മരിച്ചത്. രജൗരി, മന്‍ജാകോട് പ്രദേശങ്ങളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന രൂക്ഷമായ വെടിവെപ്പില്‍ ആറ് പേര്‍ മരിക്കുകയും പത്ത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പ്രകോപനമില്ലാതെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തുകയായിരുന്നു. ബി എസ് എഫ് ഔട്ട്‌പോസ്റ്റുകള്‍ക്കും ഗ്രാമ പ്രദേശങ്ങളിലും പാക്കിസ്ഥാന്‍ രൂക്ഷമായ മോര്‍ട്ടാര്‍ ആക്രമണം നടത്തുകയാണെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് മേത്ത പറഞ്ഞു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest