Connect with us

Kerala

അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

Published

|

Last Updated

പാലക്കാട്: സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും മൂലം ജീവിതം ദുസ്സഹമായി അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. പത്ത് വര്‍ഷം മുമ്പ് കഞ്ചാവു മാഫിയകളുടെ ശക്തികേന്ദ്രങ്ങളായിരുന്ന പ്രദേശത്താണ് കൃഷി വ്യാപകമായത്. പുതൂര്‍ പഞ്ചായത്തിലെ വനങ്ങളിലായിരുന്നു മുമ്പ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്. ഇതേ കാടുകളില്‍ കഴിഞ്ഞ ഏതാനും ദിവസം മുമ്പ് റെയ്ഡ് നടത്തി തോട്ടങ്ങള്‍ കണ്ടെത്തി. മരങ്ങള്‍ക്കിടയിലാണ് ചെടികള്‍ നടുന്നത്.
കുറുമ്പ മേഖലയായ കടുകുമണ്ണ വനത്തിലാണ് മൂന്ന് ഏക്കര്‍ കഞ്ചാവുതോട്ടം എക്‌സൈസ് കണ്ടെത്തിയത്. കൂടാതെ മറ്റ് കൃഷികള്‍ക്കിടയിലും ചെറിയ രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്. സമ്പാര്‍കോടും സമാന കേസ് കണ്ടെത്തിയിരുന്നു. ഉള്‍പ്രദേശത്ത് മിക്ക ഊരുകളിലെയും കുടുംബങ്ങള്‍ ദാരിദ്ര്യത്തിലാണ്. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കാത്തതാണ് ഇതിന് കാരണമെന്ന് ആദിവാസി സംഘടനകള്‍ പറയുന്നു. കാലവര്‍ഷക്കെടുതിയും വരള്‍ച്ചയും വന്യമൃഗശല്യവും ജനങ്ങളുടെ സൈ്വരജീവിതത്തെ തടസ്സപ്പെടുത്തുകയാണ്, നാല് വര്‍ഷത്തിനിടെ പത്ത് കോടി രൂപയുടെ നഷ്ടം കര്‍ഷകര്‍ക്കുണ്ടായതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാണ്. എന്നാല്‍ ഇവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
തൊഴിലുറപ്പ് പദ്ധതിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പ്രദേശങ്ങളുമുണ്ട്. അട്ടപ്പാടിയിലെ 36 ഊരിലെ 1400 കുടുംബങ്ങള്‍ റിസര്‍വ് വനത്തിനുള്ളിലാണ് താമസം. 91 ഊരിലെ 4500 കുടുംബങ്ങള്‍ വനത്തിന് സമീപമാണ് താമസം. ഇത് അട്ടപ്പാടിയിലെ മൊത്തം ആദിവാസി ജനസംഖ്യയുടെ പകുതി വരും. ഇവരുടെ മുഖ്യവരുമാനം വനവിഭവങ്ങള്‍ ശേഖരിക്കലാണ്. എന്നാല്‍, സര്‍ക്കാര്‍ പാസ് നല്‍കാത്തതിനാല്‍ മാര്‍ച്ചിന് ശേഷം ഇവര്‍ക്ക് വനത്തില്‍നിന്ന് വിഭവങ്ങള്‍ ശേഖരിക്കാനാവുന്നില്ല. രണ്ട് വര്‍ഷമായി തുടരുന്ന മാവോയിസ്റ്റ് സാന്നിധ്യം കഞ്ചാവു മാഫിയകള്‍ക്ക് അനുകൂലമാവുകയും പോലീസ് റെയ്ഡുകള്‍ക്ക് തടസ്സമാവുകയും ചെയ്തു. കഞ്ചാവ്, ചന്ദന കേസുകളില്‍ ആദിവാസികള്‍ പ്രതികളാവുമ്പോള്‍ യഥാര്‍ഥ മാഫിയകള്‍ രക്ഷപ്പെടുകയാണ്. മാഫിയകളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നതും പ്രശ്‌നം രൂക്ഷമാക്കുന്നതായും ആദിവാസി സംഘടനകള്‍ ആരോപിക്കുന്നു