Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: സി പി എം ബഹുജനാഭിപ്രായം തേടുന്നു

Published

|

Last Updated

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുന്നതിന് സി പി എം സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് വൈകിക്കാനുള്ള നീക്കത്തിനെതിരെ എല്‍ ഡി എഫ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമായി ഈ മാസം 20 ന് സംസ്ഥാന വ്യാപകമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കും. യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
നവംബര്‍ ഒന്നിന് പുതിയ ഭരണ സമിതികള്‍ അധികാരത്തില്‍ വരണമെന്നിരിക്കെ അതിന് അനുവദിക്കാതെ ഭരണ സംവിധാനത്തിന്‍ കീഴില്‍ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ നീക്കം. യു ഡി എഫ് താത്പര്യമനുസരിച്ചാണ് വാര്‍ഡ് വിഭജനം നടത്തിയത്. ഇതുവഴി തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ കുറിച്ച് പാര്‍ട്ടി ബഹുജനാഭിപ്രായം തേടും. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് പ്രത്യേകം പ്രകടന പത്രിക തയ്യാറാക്കും.
മാനിഫെസ്റ്റോയില്‍ ചേര്‍ക്കേണ്ട കാര്യങ്ങളെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തും. ഇതിനായി വായനശാലകള്‍, ബസ് സ്റ്റാന്‍ഡുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പാര്‍ട്ടി പെട്ടികകള്‍ സ്ഥാപിക്കും. ബി ജെ പി അധികാരത്തിലെത്തിയതോടെ രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയതക്കെതിരെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പഠന ഗവേഷണ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ അടുത്ത മാസം 15ന് സെമിനാര്‍ സംഘടിപ്പിക്കും.
കേരളത്തിലെ ചില സാമുദായിക സംഘടനകളെ സമുദായ ബോധത്തില്‍ നിന്നും വര്‍ഗീയ ബോധത്തിലേക്കു മാറ്റാനുള്ള അജന്‍ഡ സംഘ്പരിവാര്‍ നടത്തുകയാണ്. സമുദായ സംഘടനാ നേതാക്കളെ ഉപയോഗിച്ച് ആര്‍ എസ് എസ് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നു. അരുവിക്കരയില്‍ എല്‍ ഡി എഫിന്റെ രാഷ്ട്രീയ അടിത്തറ തകര്‍ന്നിട്ടില്ല. എല്‍ ഡി എഫിനെ തകര്‍ക്കുന്നതിനായി യു ഡി എഫും ബി ജെ പിയും ശ്രമിച്ചു. അതിനായി അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരായി പ്രചാരണം കേന്ദ്രീകരിക്കുന്നതില്‍ വീഴ്ച വന്നു.

Latest