Connect with us

Kerala

ജെ ഡി യു വീണ്ടും ഇടയുന്നു

Published

|

Last Updated

കോഴിക്കോട്: പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതില്‍ വീണ്ടും ജനതാദള്‍ യുനൈറ്റഡിന്റെ പ്രതിഷേധം. 25ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ അജന്‍ഡയായുള്‍പ്പെടുത്തി ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് കോഴിക്കോട് ചേര്‍ന്ന ജെ ഡിയു നേതൃയോഗം ആവശ്യപ്പെട്ടു. ഉപസമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെ പി സി സി പ്രസിഡന്റ് എന്നിവര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച ജെ ഡി യു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു.—

നീതിയുക്തമായ നടപടിയാണ് ജെ ഡി യു പ്രതീക്ഷിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ കെ പി സി സി പ്രസിഡന്റിനു ലഭിച്ചില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതിനു പിന്നിലെ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമല്ല. നീതിപൂര്‍വമായ തീരുമാനമുണ്ടാകുമെന്ന ഉറപ്പ് പാലിക്കപ്പെടണം. അതില്ലാത്തതിനാലാണ് ഇക്കാര്യം വീണ്ടും ഉന്നയിക്കുന്നത്. യു ഡി എഫ് സംഘടനാ സംവിധാനത്തില്‍ പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതി നേരത്തേ തന്നെ ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ചും യു ഡി എഫ് ചര്‍ച്ച ചെയ്യണം. ആര്‍ എസ് പിക്കും മറ്റു ചില പാര്‍ട്ടികളുടെ കാര്യത്തിലും നടപ്പാക്കപ്പെട്ട അതേ നീതി ജെ ഡി യുവിനോടും പുലര്‍ത്തണമെന്ന് വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.
ത്രിതല തിരഞ്ഞെടുപ്പുകളില്‍ വേണ്ടത്ര പ്രാതിനിധ്യം ജെ ഡി യുവിനു ലഭിച്ചിരുന്നില്ല. ഇക്കാര്യം കെ പി സി സിയെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇക്കാര്യം വിലയിരുത്തണം. ന്യായമായ പരിഗണനയാണ് ജെ ഡി യു ആവശ്യപ്പെടുന്നത്. ഇതു നടപ്പാകണമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗമാണ് ഇന്നലെ രാവിലെ മുതല്‍ വീരേന്ദ്രകുമാറിന്റെ കോഴിക്കോട്ടെ വസതിയില്‍ നടന്നത്.