Connect with us

International

ദൗമയില്‍ സിറിയന്‍ വ്യോമാക്രമണം; 70ലേറെ മരണം

Published

|

Last Updated

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനടുത്ത് ദൗമയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ 70ലധികം പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ദൗമയിലെ മാര്‍ക്കറ്റിന് നേരെയാണ് ആക്രമണം നടന്നത്. 200 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും കൂടുമെന്ന് സിറിയയിലെ ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു. ദൗമ നഗരത്തിലെ പ്രധാന മാര്‍ക്കറ്റിന് നേരെയാണ് ആക്രമണം നടന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടക്കുന്ന സമയത്ത് മാര്‍ക്കറ്റില്‍ നിറയെ ആളുകളുണ്ടായിരുന്നു. ഒരാഴ്ചക്കിടെ ഈ മാര്‍ക്കറ്റിന് നേരെ ഇത് രണ്ടാം തവണയാണ് സിറിയന്‍ സര്‍ക്കാര്‍ വ്യോമാക്രമണം നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആദ്യത്തെ വ്യോമാക്രമണത്തെ തുടര്‍ന്ന് പരുക്കേറ്റവരെയും മറ്റും സഹായിക്കാനെത്തിയ ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലേക്ക് വീണ്ടും സിറിയന്‍ സൈന്യം വ്യോമാക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ആക്രമണത്തെ തുടര്‍ന്ന് പുകപടലം നിറഞ്ഞ പ്രദേശത്തിന്റെ വീഡിയോകള്‍ സന്നദ്ധപ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രസീദ്ധീകരിച്ചിട്ടുണ്ട്. സ്‌ഫോടനങ്ങളുടെ ശക്തിയില്‍ അടുത്തുള്ള നിരവധി കെട്ടിടങ്ങള്‍ തകരുകയും നിരവധി വാഹനങ്ങള്‍ നശിക്കുകയും ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest