Connect with us

International

തായിസിലെ സര്‍ക്കാര്‍ ആസ്ഥാനവും ഹൂത്തിവിരുദ്ധര്‍ പിടിച്ചെടുത്തു

Published

|

Last Updated

സന്‍ആ: യമനില്‍ ഹൂത്തി വിരുദ്ധര്‍ തായിസിലെ സര്‍ക്കാര്‍ ആസ്ഥാനം പിടിച്ചെടുത്തു. യമനിലെ പുറത്താക്കപ്പെട്ട മുന്‍ സര്‍ക്കാറിനോട് അനുഭാവമുള്ള ഹൂത്തി വിരുദ്ധ സേനയും ഹൂത്തികളും തമ്മില്‍ തായിസില്‍ നടന്ന പോരാട്ടത്തിനൊടുവിലാണ് സര്‍ക്കാര്‍ ആസ്ഥാനം പിടിച്ചെടുത്തത്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ മൂന്നാമത്തെതാണ് തായിസ്. ഹൂത്തി വിരുദ്ധര്‍ പിടിച്ചെടുത്ത കെട്ടിടത്തിലായിരുന്നു സുരക്ഷാ വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്.
പുറത്താക്കപ്പെട്ട മുന്‍ പ്രസിഡണ്ട് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ പിന്തുണക്കുന്ന ഹൂത്തി വിരുദ്ധര്‍ ശനിയാഴ്ച്ച നടന്ന പോരാട്ടത്തില്‍ തലസ്ഥാന നഗരമായ സന്‍ആയിലെ പ്രസിഡണ്ടിന്റെ വസതിക്കടുത്തെത്തിയിരുന്നു. സന്‍ആയിലെ സൈനിക കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഹൂത്തി വിമതരുടെ പിടിയിലാണെന്ന് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.
22 ഓളം പേര്‍ പോരാട്ടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹൂത്തികള്‍ക്കെതിരെയുള്ള പോരട്ടത്തില്‍ സഊ ദി സര്‍ക്കാറും പിന്തുണ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ അനുകൂല പോരാളികള്‍ എണ്ണ ശേഖരണ കേന്ദ്രമായ ശബ്‌വയും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മാസം ഹൂത്തികളില്‍ നിന്ന് സര്‍ക്കാര്‍ സേന ആദന്‍ നഗരവും പ്രവിശ്യകളായ ദലേഹ്, ലഹ്ജ്, അബ്‌യാന്‍ എന്നിവയും തിരിച്ച് പിടിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച്ചകളില്‍ സഊദി അറേബ്യ യമന്‍ സൈനികര്‍ക്ക് ആത്യധുനിക ആയുധങ്ങളും പരിശീലനവും നല്‍കിയിരുന്നു. മാര്‍ച്ചില്‍ തുടങ്ങിയ യുദ്ധത്തില്‍ ഇത് വരെയായി 4,300 പേര്‍ കൊല്ലപ്പെട്ടു. സഊദി അറേബ്യ 10 ടണ്‍ മെഡിക്കല്‍ സഹായവസ്തുക്കള്‍ വിമാനം വഴി ശനിയാഴ്ച്ച ആദനിലെത്തിച്ചിരുന്നു. 540 മില്യണ്‍ ഡോളറാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഊദി അറേബ്യ പ്രഖ്യാപിച്ചിട്ടുള്ളത്.

Latest