Connect with us

National

വേദിക് സംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം: മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

Published

|

Last Updated

ഭോപ്പാല്‍: വേദിക് സംസ്‌കാരം മറ്റ് മതങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തുമെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്.
സ്‌കൂളുകളില്‍ യോഗ അവതരിപ്പിക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. ഇത്തരം ശ്രമങ്ങളെ കൂട്ടായി ചെറുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ഇന്ന് ഭോപ്പാലില്‍ ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്നും വ്യക്തി നിയമ ബോര്‍ഡ് വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി മൗലാനാ വാലി റഹ്മാനി പറഞ്ഞു. ഹിന്ദു അനുഷ്ഠാനങ്ങളെ മുസ്‌ലിംകള്‍ അടക്കമുള്ള മറ്റ് മതത്തിലെ കുട്ടികളുടെ മനസ്സിലേക്ക് കടത്തിവിടാനാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം ശ്രമിക്കുന്നത്. മതസംരക്ഷണ ദൗത്യം ഏറ്റെടുക്കേണ്ട സമയമാണിത്.
ഈ ദൗത്യത്തില്‍ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, മുസ്‌ലിം തുടങ്ങി എല്ലാ മതങ്ങളിലെയും നേതാക്കളെ സഹകരിപ്പിക്കണം. ജനാധിപത്യത്തിലും മതസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന എല്ലാവരും ഇക്കാര്യത്തില്‍ ഒന്നിക്കും. അങ്ങനെ ഉയര്‍ന്നുവരുന്ന ഐക്യനിരക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഹ്മണിക് അനുഷ്ഠാനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 28 പ്രകാരം ഒരു മതമോ പാരമ്പര്യമോ മറ്റൊന്നിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും മൗലാനാ വാലി റഹ്മാനി വിശദീകരിച്ചു. ഇസ്‌ലാമിക വിശ്വാസം ആക്രമിക്കപ്പെടുന്ന ഘട്ടങ്ങളിലെല്ലാം ബോര്‍ഡ് ശ്രദ്ധാപൂര്‍വം ഇടപെട്ടിട്ടുണ്ട്.
ഏതൊരാള്‍ക്കും തന്റെ മതവിശ്വാസം ശക്തമായി പുന്തുടരാന്‍ അവകാശമുണ്ടെന്ന നിലപാടാണ് ബോര്‍ഡിനുള്ളത്. ഇന്ന് ഭോപ്പാലില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ വിവിധ പള്ളികളിലെ ഇമാമുമാര്‍, മദ്‌റസാ മേധാവികള്‍, മതാധ്യാപകര്‍, സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. സമാന മനസ്‌കരായ നിരവധി മത നേതാക്കളെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സ്‌കൂളുകളില്‍ യോഗാ ദിനം ആചരിക്കുന്നതും സൂര്യനമസ്‌കാരം കൊണ്ടുവരുന്നതും ആര്‍ എസ് എസ് അജന്‍ഡ നടപ്പാക്കുന്നതിന് വേണ്ടി മാത്രമാണെന്നും പ്രമുഖ മതനേതാക്കള്‍ക്ക് അയച്ച കത്തില്‍ ബോര്‍ഡ് നേരത്തേ ആരോപിച്ചിരുന്നു.

Latest