Connect with us

Articles

കായേനും ഹാബ്ബേലും പിന്നെ യാക്കൂബ് മേമനും

Published

|

Last Updated

ഇന്ത്യയില്‍ നടക്കുന്ന പത്തു വധശിക്ഷകളില്‍ ഏഴും മുസ്‌ലിംകള്‍ ആകുന്നതെന്തുകൊണ്ടെന്നതും, രാഷ്ട്രപതിക്കുമുമ്പില്‍ സമര്‍പ്പിക്കപ്പെടുന്ന ദയാഹരജികളില്‍ പത്തില്‍ ഒമ്പതും സ്വീകരിക്കപ്പെടുകയും തള്ളിക്കളയുന്നതില്‍ ഒന്ന് കൃത്യമായും ഒരു മുസ്‌ലിമിന്റെതാവുകയും ചെയ്യുമ്പോള്‍ നീതിദേവതയുടെ കണ്ണുകെട്ടി കളിയില്‍ എന്തൊക്കെയോ ചില കള്ളക്കളികള്‍ നടക്കുന്നു എന്ന ആശങ്ക തലപൊക്കുന്നു.1993ല്‍ നടന്ന മുംബൈ സ്‌ഫോടന പരമ്പര, ഇപ്പോള്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്‍ ഒറ്റയ്ക്കാസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് ആരും കരുതുന്നില്ല. 21 വര്‍ഷം തുടര്‍ച്ചയായി ഈ ഒറ്റപ്രതിയെ തടവില്‍ സൂക്ഷിച്ചിട്ടും അയാളെ ഉപയോഗിച്ച് കുറ്റാന്വേഷണ ഏജന്‍സിക്ക് ബന്ധപ്പെട്ട മറ്റുകുറ്റവാളികളെ ന്യായപീഠത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നത് എത്രയോ ലജ്ജാവഹമാണ്. വധശിക്ഷ ഒഴിവാക്കിയോ ദീര്‍ഘിപ്പിച്ചോ നല്ലരീതിയില്‍ അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഇത്തരം തീവ്രവാദപ്രവര്‍ത്തനത്തിന്റെ ബലവത്തായ പലകണ്ണികളും ദുര്‍ബലമാകുമായിരുന്നു. ഇപ്പോള്‍ എന്താണ് തിടുക്കം പിടിച്ചുള്ള ഈ വധശിക്ഷ നടപ്പിലാക്കിയതിലൂടെ ഭരണകൂടത്തിനു നേടാനായത്? നീതിന്യായ നിര്‍വഹണ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തത്ര ജാഗ്രതയല്ലേ യാക്കൂബ് മേമന്റെ കാര്യത്തില്‍ നമ്മള്‍ കണ്ടത്.ജൂലൈ 29 രാത്രി 3.30ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി വധശിക്ഷ നടപ്പിലാക്കാനുള്ള ഉത്തരവില്‍ ഒപ്പുവെപ്പിക്കുക. രാവിലെ 6.30ന് വധ ശിക്ഷ നടപ്പിലാക്കുക. അന്തരിച്ച രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ പാവനസ്മരണയ്ക്കുമുമ്പില്‍ രാഷ്ട്രം തലകുനിച്ചു നില്‍ക്കുന്നു. ആ ശരീരത്തെ ഭൂമിമാതാവ് തിരികെ ഏറ്റുവാങ്ങിയ ആ ധന്യമുഹൂര്‍ത്തത്തില്‍ തന്നെ കുപ്രസിദ്ധിയാര്‍ജിച്ച ഒരു കുറ്റവാളിയുടെ ശവസംസ്‌കാരം കൂടി നടത്തി മോദിസര്‍ക്കാറിനു ലോകത്തിനുമുമ്പില്‍ ഒരു നാടകം തന്നെ കളിക്കാന്‍ അവസരം ലഭിച്ചു. കലാമിന്റെ സംസ്‌കാരം മനപൂര്‍വ്വം ഒരു ദിവസം കൂടി നീട്ടി ഒരുവെടിക്കു രണ്ടുപക്ഷിയെ വീഴിക്കുക എന്നതായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ ആഭ്യന്തരവകുപ്പ് ലക്ഷ്യമിട്ടത്. സര്‍ക്കാറിനു മുസ്‌ലിംങ്ങളോട് പ്രത്യേക വിരോധമെന്നുമില്ല. കലാമിനെപ്പോലുള്ള മുസ്‌ലിംങ്ങളെ ഞങ്ങള്‍ ആദരിക്കും. മേമനെപ്പോലുള്ളവരെ തൂക്കിലേറ്റും. ആഭ്യന്തരവകുപ്പ് ലോകത്തോട് പറയാതെ പറഞ്ഞത് ഈ സന്ദേശമായിരുന്നു. പക്ഷേ പിന്നീട് നടന്ന വിശകലനങ്ങള്‍ സര്‍ക്കാരുദ്ദേശിച്ചതിന്റെ വിപരീത ഫലമാണുളവാക്കിയത്.

സര്‍ക്കാര്‍ മുസ്‌ലിംകളെ പ്രത്യേകം ലക്ഷ്യമിടുന്നു എന്നൊരു പ്രതീതി നേരത്തെ തന്നെയുണ്ട്.അതൊന്നുകൂടി ശക്തിപ്പെട്ടു. മറ്റൊന്ന് കൊല്ലപ്പെട്ട മേമന് ഒരു രക്തസാക്ഷി പരിവേഷം ലഭിച്ചു. അയാളുടെ സഹോദരനെ രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യണമെന്നുപോലും അവശ്യപ്പെടാന്‍ ചിലരൊക്കെ മുന്നോട്ടു വന്നു. ഏറ്റവും ഒടുവിലിതാ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വധഭീക്ഷണിയും ഉയര്‍ത്തപ്പെട്ടിരിക്കുന്നു.ഭീകരപ്രവര്‍ത്തനങ്ങളെ കുറ്റകൃത്യങ്ങളെന്ന നിലയില്‍ കാണാതെ അവയെ രാഷ്ട്രീയ വത്കരിക്കാന്‍ നടത്തുന്ന ഏതുശ്രമവും കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയെയുള്ളൂ എന്നാണിതെല്ലാം കാണിക്കുന്നത്.
ഒരു കുറ്റവാളിയെ എങ്ങനെ ഇല്ലാതാക്കാമെന്നതിലല്ല കുറ്റകൃത്യം തന്നെ എങ്ങനെ ഇല്ലാതാക്കാം എന്നതാണ് ഭരണകൂടം ശ്രദ്ധിക്കേണ്ടത്. അതാണ് ബൈബിളിലെ കായേന്‍,ഹബ്ബേല്‍ കഥ നല്‍കുന്ന പാഠം. കുറ്റംചെയ്ത വ്യക്തിയുടെ കുറ്റകൃത്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി കുറ്റബോധത്തിന്റെ തടവറയില്‍ ബന്ധിക്കുക. അതായിരുന്നു ദൈവം കായേനുനല്‍കിയ ശിക്ഷ. നീ നിന്റെ സഹോദരന്റെ കാവല്‍ക്കാരനായിരിക്കുക എന്ന മനുഷ്യനെ സംബന്ധിച്ച ദൈവീകോദ്ദേശം ലംഘിക്കപ്പെടാതെ നോക്കേണ്ടതുണ്ട്.അനീതിയെ നീതിവത്കരിക്കാനുള്ള പരിശ്രമം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതുതടയപ്പെടണം. അനീതിയെ അനീതികൊണ്ടല്ല നീതികൊണ്ടുവേണം നേരിടാന്‍. നീതി നടപ്പിലാക്കിയാല്‍ മാത്രം പോര നീതിയാണ് നടപ്പിലാക്കിയതെന്ന് മറ്റുള്ളവര്‍ക്കും സംശയലേശമന്യെ ബോധ്യപ്പെടുകയും വേണം. അപ്പോള്‍ മാത്രമാണ് ജനാധിപത്യ സംസ്‌കാരം സമ്പുഷ്ടമാക്കപ്പെടുന്നത്.
വേട്ടക്കാരനും ഇരയും എന്ന കേവലാര്‍ഥത്തിലുള്ള ധ്രുവീകരണം എപ്പോഴും ശരിയായികൊള്ളേണമെന്നില്ല. നായാട്ടു നമ്മുടെ പഴയ നാട്ടുരാജാക്കന്മാര്‍ക്ക് ഒരു വിനോദം മാത്രമമായിരുന്നില്ല. ദുഷ്ടജന്തുക്കള്‍ കാട്ടില്‍ നിന്ന് നാട്ടിലിറങ്ങി സ്വന്തം പ്രജകളെ ഉപദ്രവിക്കാതിരിക്കാനുള്ള ഒരു മുന്‍കരുതല്‍ കൂടിയായിരുന്നു. താടിവളര്‍ത്തിയവന്‍, തൊപ്പിവെച്ചവന്‍, പൊട്ടുതൊട്ടവന്‍, കാതുകുത്തിയവന്‍ ഇതൊന്നും ചെയ്യാത്തവനും എന്റെ ശത്രുവാണ്. അവനെ ഞാന്‍ കൊന്നില്ലെങ്കില്‍ അവന്‍ എന്നെ കൊന്നേക്കും എന്ന ആശങ്ക എന്നില്‍ വളര്‍ത്തുക എന്നത് എല്ലാരാജ്യത്തെയും ഭരണകൂടങ്ങള്‍ അവരുടെ തന്ത്രങ്ങള്‍ക്കു ന്യായീകരണമെന്ന നിലയില്‍ നടപ്പിലാക്കുന്ന ഒരടവുനയമാണ്. ഈ ഭരണകൂടതന്ത്രങ്ങളുടെ കെണിയില്‍ എളുപ്പം വീഴുക എന്ന അപകടത്തിനിരയാക്കുന്നത് പലപ്പോഴും മതങ്ങളാണ്. ഞാനൊരു മുസ്‌ലിം ആണെന്നു നിങ്ങള്‍ക്കു മനസ്സിലാകാതിരിക്കുമ്പോഴാണ് എന്റെ രാജ്യത്തെ മതേതരത്വം (Secularism)യാഥാര്‍ത്ഥ്യമാകുന്നത് എന്ന് അബ്ദുള്‍കലാം ഒരിക്കല്‍ തന്നെ ഇന്റര്‍വ്യൂ ചെയ്ത പത്രലേഖകനോടു പറയുകയുണ്ടായി പേരുകൊണ്ടും വേഷം കൊണ്ടും മാത്രമല്ല അതിനുമപ്പുറമുള്ള ചില മൂല്യ സങ്കല്‍പ്പങ്ങള്‍ കൊണ്ടുവേണം മുസ്‌ലിമിനെയും, ക്രിസ്ത്യാനിയെയും, ഹിന്ദുവിനെയും ഒക്കെ മറ്റുള്ളവര്‍ മനസ്സിലാക്കേണ്ടത് എന്നാണദ്ദേഹം അര്‍ഥമാക്കിയത്. ഹിന്ദുദര്‍ശനങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തിയ നമ്മുടെ മറ്റൊരു മുന്‍ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണനും താന്‍ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുമതത്തെക്കുറിച്ച് സമാനമായ നിലപാടാണ് പുലര്‍ത്തിയിരുന്നത്.
വധശിക്ഷയുടെ ശരിതെറ്റുകള്‍ ദീര്‍ഘകാലമായി നമ്മള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു.ലോകത്തിലെ 140 രാജ്യങ്ങള്‍ ഇതിനകം തന്നെ വധശിക്ഷ പൂര്‍ണമായും നിര്‍ത്തല്‍ ചെയ്തിരിക്കുന്നു. ജീവന്‍ സൃഷ്ടിക്കാന്‍ അവകാശമില്ലാത്ത ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്റെ ജീവനപഹരിക്കാന്‍ എന്താവകാശം? ഈ ചോദ്യമാണ് ഇതിലടങ്ങിയിരിക്കുന്ന ധാര്‍മിക പ്രശ്‌നം. കൊലപാതകവും വധശിക്ഷയും ഏറെക്കുറെ സമാനമാണ്. രണ്ടിലും ജീവഹത്യ എന്ന പാതകം അന്തര്‍ലീനമായിരിക്കുന്നു. കൊലപാതകം എന്ന കുറ്റകൃത്യം ചെയ്ത വ്യക്തിക്കു നല്‍കാവുന്ന ഏറ്റവും വലിയ ശിക്ഷ വധശിക്ഷയാണെന്ന ധാരണ അടിസ്ഥാനരഹിതമാണെന്നു സമര്‍ത്ഥിക്കുന്ന ഒരു കഥയാണ് ബൈബിളിന്റെ തുടക്കത്തില്‍ തന്നെ ചേര്‍ത്തിട്ടുള്ള കായേന്റെയും ഹാബ്ബേലിന്റെയും കഥ. ഇതിനെ ഒരു ചരിത്രസംഭവം എന്ന നിലയിലല്ലാതെ മനുഷ്യജീവിതത്തിന്റെ അര്‍ഥമന്വേഷിക്കുന്ന അസ്തിത്വവാദചിന്തകളുടെ (Existianilist philosophy) അടിസ്ഥാനത്തില്‍ വിശദീകരിക്കുന്ന ഒട്ടേറെ സര്‍ഗാത്മക രചനകള്‍പല ലോകഭാഷകളിലും ഉണ്ടായിട്ടുണ്ട്. നോബല്‍ സമ്മാനജേതാവായ യോസെസരമാഗുവിന്റെകായേന്‍”എന്ന നേവല്‍ ഒരു ഉദാഹരണമാണ്. നമ്മുടെ പ്രസിദ്ധ നോവലിസ്റ്റ് വൈക്കം ചന്ദ്രശേഖരന്‍നായരും “കായേന്റെ വംശം” എന്ന പേരില്‍ ഒരു മലയാള നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജ്യേഷ്ഠനും അനുജനും എന്ന നിലയില്‍ ആദിമാതാപിതാക്കളുടെ സന്തതികളായ കായേനും ഹാബേലും. ഭൂമിയില്‍ സ്‌നേഹത്തോടും സഹവര്‍ത്തിത്തത്തോടും ജീവിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ആട്ടിടയനായ ഹബേലിനെ കൃഷിക്കാരനായ കായേന്‍ അടിച്ചു കൊന്നു. ബൈബിള്‍ സൂചനപ്രകാരം ഇതായിരുന്നു ഭൂമിയിലെ ആദ്യത്തെ കൊലപാതകം. സഹോദരന്‍ സഹോദരനെതിരെ നടത്തിയ ആദ്യത്തെ കൊലക്കുറ്റം.അന്നത്തെ അവസ്ഥയില്‍ ദൈവം മാത്രമായിരുന്നു ന്യായതീര്‍പ്പിനവകാശപ്പെട്ട വിധികര്‍ത്താവ്. കായേന് സ്വഭാവികമായും ന്യായപീഠത്തിനുമുമ്പില്‍ സന്നിഹിതനാകേണ്ടിവന്നു.ന്യായാധിപന്റെ ചോദ്യം മറ്റൊന്നായിരുന്നില്ല. “നിന്റെ സഹോദരന്‍ ഹാബേലെവിടെ?”കായേന്റെ ഉത്തരം -“ഞാന്‍ എന്താ എന്റെ സഹോദരന്റെ കാവല്‍ക്കാരനാണോ?”ഈ ചോദ്യവും ഉത്തരവും ആണ് ലോകത്തില്‍ പിന്നീട് വളര്‍ന്നുവികസിച്ച നീതിന്യായ ചരിത്രത്തെ (Juirisprudence) ഘട്ടംഘട്ടമായി രൂപപ്പെടുത്തിയത്. ന്യായവിചാരണയുടെ ഈ പ്രഥമഘട്ടത്തില്‍-കുറ്റവാളിയായ കായേന്‍ ഭയപ്പെടുന്നത്-തന്നെ ആരെങ്കിലും കൊന്നുകളയുമെന്നതാണ്. കൊലയ്ക്കു പകരം കൊല എന്ന തത്വം കായേന്റെ അന്തരംഗത്തിന്റെ പ്രതിഫലനമായിരുന്നു. എന്നാല്‍ ദൈവമെന്ന ന്യായാധിപന്‍ അതംഗീകരിച്ചില്ല. അദ്ദേഹം നല്‍കിയ വിധിന്യായം നമ്മള്‍ ശ്രദ്ധാപൂര്‍വ്വം പഠിക്കേണ്ടിയിരിക്കുന്നു. നീ ഈ ചെയ്തത് എന്ത്? ഭൂമിയില്‍ നിന്നും നിന്റെ സഹോദരന്റെ രക്തത്തിന്റെ ശബ്ദം എന്നോടു നിലവിളിക്കുന്നു അതിനാല്‍ ദേശത്തുനിന്നും നീ പുറം തള്ളപ്പെട്ടവനാകും (ശപിക്കപ്പെട്ടവന്‍)നീ ഭൂമിയില്‍ പണിചെയ്യുമ്പോള്‍ ഭൂമി അതിന്റെ വിളവുനല്‍കുകയില്ല നീ ഭൂമിയില്‍ അലഞ്ഞു നടക്കുന്നവനാകും.”കായേന്റെ മറുപടി എന്റെ ഈ ശിക്ഷ സഹിക്കാവുന്നതിലും വലുതാകുന്നു ഞാന്‍ ഭൂമിയില്‍ ഒളിച്ചു നടക്കേണ്ടിവരും ആരെങ്കിലും എന്നെ കണ്ടെത്തിയാല്‍ എന്നെകൊല്ലും.”ഇല്ല അതുസംഭവിക്കില്ല കായേനെ കൊല്ലുന്നവര്‍ക്ക് ഏഴിരട്ടി ശിക്ഷ കിട്ടും അവനെ കാണുന്നവരാരും കൊല്ലാതിരിക്കേണ്ടതിനു ദൈവം കായേന്റെമേല്‍ ഒരടയാളം പതിച്ചു. കായേന്‍ പുറപ്പെട്ടുപോയി ഏദനു കിഴക്ക് നൂദു ദേശത്തുപോയി പാര്‍ത്തു.”(ഉല്‍പ്പത്തി 4:3-16).
കായേനെയും ഹബേലിനെയും കേവലം രണ്ടു കഥാപാത്രങ്ങളായി തള്ളി കളഞ്ഞുകൊണ്ട് സ്വന്തം ഭാവനാനുസരണം ദൈവശാസ്ത്രപഠനം (Theology)നടത്തുന്ന സമീപനം ഇന്നേറെക്കുറെ അവസാനിച്ചു കഴിഞ്ഞു. ഇവര്‍ രണ്ടുപേരും രണ്ടുജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു. രണ്ടു ജീവിതവൃത്തികളെ (കൃഷിയും കന്നുകാലി വളര്‍ത്തലും) ഇതൊരു തലം. മറ്റൊരുതലത്തില്‍ കൊല്ലുന്നവന്റെയും കൊല്ലപ്പെടുന്നവന്റെയും പ്രതീകങ്ങളാണ് കായേനും ഹബേലും. ഒരു വ്യക്തിയെ മറ്റൊരു വ്യക്തി, ഒരു സഹോദരനെ മറ്റൊരു സഹോദരന്‍, ഒരു വംശത്തെ മറ്റൊരു വംശം, ഒരു ജനതയെ മറ്റൊരു ജനത ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ലോകചരിത്രത്തിന്റെ ആദിമധ്യാന്തങ്ങള്‍ മാത്രമല്ല അവസാനവും ഈ കൊലപാതക പരമ്പരകളാല്‍ മുഖരിതമായിരിക്കും എന്നുദൈവത്തിനറിയാമായിരുന്നിരിക്കണം. ദൈവസ്വപരൂപത്തിലും സാദൃശ്യത്തിലും അന്തര്‍ലീനമായ അനുകൂല വശങ്ങളെയല്ല പ്രതികൂലവശങ്ങളെയാണ് തുടക്കം മുതല്‍ മനുഷ്യന്‍ സാംശീകരിച്ചതെന്നു വേണം അനുമാനിക്കാന്‍. ഇതുമനസ്സിലാക്കിയാണ് മനുഷ്യമനസ്സിനു പക്വതയും സംസ്‌കരണവും പകര്‍ന്നുകൊടുക്കാന്‍ കെല്‍പ്പുള്ള പ്രവാചകന്മാര്‍ ചരിത്രത്തിന്റെ ഭിന്നഘട്ടങ്ങളില്‍ ആവിര്‍ഭവിച്ചത്. മോസ്സസ്സിലൂടെ (മൂസ്സാനബി)നല്‍കപ്പെട്ട പത്തുപ്രമാണങ്ങളില്‍ കൊലചെയ്യരുത് (Dont kills)എന്നത് ഒരു പ്രധാന പ്രമാണമായി സകലരും കരുതുന്നത്. ദൈവം പ്രവാചകന്മാര്‍ വഴി പ്രമാണങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തത്. അവലംബിക്കപ്പെട്ടാല്‍ എന്തുശിക്ഷ നല്‍കുമെന്ന കാര്യം ദൈവമല്ല ദേശകാലവ്യതിയാനങ്ങള്‍ക്കനുസരിച്ച് മനുഷ്യര്‍ തീരുമാനിച്ചതാണ് അത്തരം തീരുമാനങ്ങള്‍ക്കു സാര്‍വ്വകാലികമോ സര്‍വ്വദേശീയവും ചില പ്രമാദിത്തം ഒന്നും കല്‍പിക്കേണ്ടതില്ല. ചില ഇസ്‌ലാമിക് രാജ്യങ്ങളില്‍ നിലവിലുള്ള ശിക്ഷാസമ്പ്രദായങ്ങള്‍ ചൂണിക്കാണിച്ച് വധശിക്ഷയ്‌ക്കെതിരെ സംസാരിക്കുന്നവരുടെ നാവടക്കാന്‍ ശ്രമിക്കുന്നവര്‍ക്കു മുന്നോടിയായി വിവേകവര്‍ത്തികള്‍ക്കു പറയാനുള്ള മറുപടിയും ഇതുതന്നെ. സാംശീകരിച്ചതെന്നു വേണം അനുമാനിക്കാന്‍.ഇതു മനസ്സിലാക്കിയാണ് മനുഷ്യസ്വഭാവത്തിന് പക്വതയും സംസ്‌കരണവും പകര്‍ന്ന കൊടുക്കാന്‍ കെല്‍പ്പുള്ള പ്രവാചകന്മാര്‍ ചരിത്രത്തിന്റെ ഭിന്നഘട്ടങ്ങളില്‍ ആവിര്‍ഭവിച്ചത്.മോസ്സസ്സിലൂടെ (മൂസ്സാനബി)നല്‍കപ്പെട്ട പത്തുപ്രമാണങ്ങളില്‍ കൊലചെയ്യരുത് (Do not kill) എന്നത് ഒരു പ്രധാന പ്രമാണമായി സകലരും കരുതുന്നു.ദൈവം പ്രവാചകന്മാര്‍ വഴി പ്രമാണങ്ങള്‍ (Testament) നല്‍കുക മാത്രമാണ് ചെയ്തത്. അവ ലംഘിക്കപ്പെട്ടാല്‍ എന്തുശിക്ഷ നല്‍കണമെന്ന കാര്യം ദൈവമല്ല ദേശകാലവ്യതിയാനങ്ങള്‍ക്കനുസരിച്ച് മനുഷ്യര്‍ തീരുമാനിച്ചതാണ.് അത്തരം തീരുമാനങ്ങള്‍ക്ക് സാര്‍വ്വകാലികമോ സര്‍വ്വദേശീയമോ ആയ അപ്രമാദിത്തം ഒന്നും കല്‍പിക്കേണ്ടതില്ല.ചില ഇസ്‌ലാമിക് രാജ്യങ്ങളില്‍ നിലവിലുള്ള ശിക്ഷാസമ്പ്രദായങ്ങള്‍ ചൂണിക്കാണിച്ച് വധശിക്ഷയ്‌ക്കെതിരെ സംസാരിക്കുന്നവരുടെ നാവടക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയായി വിവേകമതികള്‍ക്കു പറയാനുള്ളതും ഇതുതന്നെ. ഹിന്ദുത്വം അംഗീകരിക്കാത്തവര്‍ ഇന്ത്യ വിട്ടുപോകണമെന്നു പറയുകയും കൊല്ലപ്പെട്ടത് മുസ്‌ലിം ആണെങ്കില്‍ അക്രമത്തിനിരയായത് ഏതരമതസ്ഥനോ അന്യ പാര്‍ട്ടിക്കാരനോ ആണെങ്കില്‍ അതുനന്നായി എന്നുപറയുന്നവര്‍, ആഗോള ഇസ്‌ലാമിന് ആകെ അപമാനമായികൊണ്ടിരിക്കുന്ന ഐ എസ് തീവ്രവാദികള്‍, കാരണം കൂടാതെ ഭ്രാതൃഹത്യ നടത്തിയ കായേന്റെ പിന്‍തലമുറക്കാരമാണ്. അവന്‍ കൊന്ന ഹബേലുമാരുടെ രക്തം ദൈവത്തിനുമുമ്പില്‍ (നീതി) നിലവിളിക്കുന്നു. അതിനു കാതോര്‍ക്കാതിരിക്കാന്‍ നീതിബോധമുള്ള (ദൈവഭക്തിയുള്ള)മനുഷ്യര്‍ക്കു കഴിയുകയില്ല.
കടപ്പാട്
Vidya Jyoti Journal of Themological Reflection Volo 79 No 60 Journal 2015).

Latest