Connect with us

National

അതിര്‍ത്തിയില്‍ അശാന്തി

Published

|

Last Updated

ജമ്മു: അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. 120 എംഎം, 82എംഎം മോര്‍ട്ടാര്‍ ഷെല്ലുകളും മെഷിന്‍ ഗണ്ണും ഉപയോഗിച്ചാണ് പാക് സൈനികര്‍ ആക്രമണം നടത്തിയതെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഞായറാഴ്ച്ച രാത്രി 8ന് തുടങ്ങിയ വെടിവെപ്പും ഷെല്ലാക്രമണവും പുലര്‍ച്ച ഒരു മണി വരെ നീണ്ടു. ഇപ്പോഴും വെടിവെപ്പ് തുടരുന്നുണ്ട്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടി നടത്തുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

വെടിവയ്പ് തുടര്‍ന്നാല്‍ പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. രണ്ടോ മൂന്നോ മടങ്ങു ശക്തിയാര്‍ന്നതായിരിക്കും ഞങ്ങള്‍ നല്‍കുന്ന മറുപടി. നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ എന്തൊക്കെയാണ് മാര്‍ഗങ്ങളെന്നു പറയാനാകില്ലെന്നും പരീക്കര്‍ വ്യക്തമാക്കി.

.പാക്ക് ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ പാക്ക് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബസിതിനെ ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തി ഇന്ത്യ അമര്‍ഷവും പ്രതിഷേധവുമറിയിച്ചത്.അതിര്‍ത്തിയിലെ ശാന്തിയും സമാധാനവും തകര്‍ക്കുന്ന പ്രവൃത്തികള്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാതിരിക്കാന്‍ നടപടി വേണമെന്ന് പാക്ക് ഭരണകൂടത്തോട് ഇന്ത്യ ആവശ്യപ്പെട്ടു.