Connect with us

Kerala

വിഴിഞ്ഞം ലോകത്തെ നിര്‍ണായക തുറമുഖമാകും: അദാനി

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ലോകത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനലുകളില്‍ ഒന്നായി മാറ്റുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. തുറമുഖ നിര്‍മാണം ആയിരം ദിവസമെന്ന റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സാക്ഷിനിര്‍ത്തിയായിരുന്നു അദാനിയുടെ പ്രഖ്യാപനം.
പദ്ധതി പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടത്ര പരിഗണന നല്‍കും. പ്രാദേശികമായി തൊഴിലാളികളെ കണ്ടെത്തി ഉപയോഗിക്കുന്ന രീതിയാണ് തങ്ങള്‍ എക്കാലവും സ്വീകരിച്ചിട്ടുള്ളത്. നിര്‍മാണത്തിലും പ്രവര്‍ത്തനത്തിലും പ്രാദേശിക തൊഴിലാളികളെ ഉപയോഗിക്കും. പ്രാദേശികമായ ജനവിഭാഗങ്ങളോടും കര്‍ഷകരും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെയുള്ളവരോടുമുള്ള പ്രതിബദ്ധത കമ്പനി നിറവേറ്റും. നവംബര്‍ ഒന്നിന് തന്നെ പരിപൂര്‍ണമായ രീതിയില്‍ നിര്‍മാണം ആരംഭിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ വിജയത്തില്‍ കബോട്ടാഷ് നിയമത്തില്‍ ഇളവ് അനുവദിക്കുന്നതിന് വലിയതോതിലുള്ള പ്രാധാന്യമുണ്ട്. നിലവിലുള്ള നിയമത്തിലെ വ്യവസ്ഥകളില്‍ ചിലത് വിഴിഞ്ഞം പോലുള്ള വലിയ സാധ്യതയുള്ള തുറമുഖത്തിന്റെ വളര്‍ച്ചയെ പിറകോട്ടടിക്കുമെന്നത് സര്‍ക്കാറിനും ബോധ്യമുള്ള കാര്യമാണെന്ന് അദാനി പറഞ്ഞു.
കേരളത്തിന്റെ 25 വര്‍ഷത്തെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് കരാര്‍ ഒപ്പിടല്‍. വിഴിഞ്ഞം പദ്ധതിയില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ ആലോചിക്കുന്നതിനിടെ നിരവധി പേര്‍ ഇതിന് വേണ്ടി ഇറങ്ങരുതെന്ന് ഉപദേശിച്ചു. മൂന്ന് തവണ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും പ്രധാന കമ്പനികളൊന്നും താത്പര്യം പ്രകടിപ്പിച്ചിട്ടില്ല എന്നിങ്ങനെയായിരുന്നു ഉപദേശം. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാണിച്ച താത്പര്യവും ഇച്ഛാശക്തിയുമാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്നും അദാനി പറഞ്ഞു.

Latest