Connect with us

Kerala

വാര്‍ഡ് വിഭജനം: ലീഗിന് പ്രത്യേക താത്പര്യമില്ലെന്ന് നേതൃത്വം

Published

|

Last Updated

മലപ്പുറം: സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകളും നഗരസഭകളും രൂപവത്കരിച്ചതില്‍ മുസ്‌ലിംലീഗിന് സ്ഥാപിത താത്പര്യങ്ങളൊന്നുമില്ലെന്ന് നേതാക്കള്‍. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ നടന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയുടെ അടിയന്തര യോഗത്തിന് ശേഷം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബശീര്‍, കെ പി എ മജീദ് എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ പഞ്ചായത്തുകള്‍ ഇതിനകം നിലവില്‍ വന്നതാണ്. കോടതി അത് അംഗീകരിക്കുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ അതുപ്രകാരം മുന്നോട്ടുപോയിട്ടുണ്ട്. അതിനിടെ, രൂപവത്കരണം റദ്ദാക്കിയ കോടതി നടപടി ഗൗരവമായാണ് ലീഗ് കാണുന്നത്. അതുകൊണ്ടാണ് അടിയന്തര യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തത്. പുതിയ പഞ്ചായത്തുകളെ കൂടി ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് നടത്താന്‍ സമയമില്ലെന്നാണ് കമ്മീഷന്‍ പറയുന്നത്. സര്‍ക്കാര്‍ ആവശ്യത്തിന് സമയമുണ്ടെന്നും പറയുന്നു. ചൊവ്വാഴ്ചയുണ്ടാകുന്ന കോടതി വിധിക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഇടപെടലില്‍ ലീഗിന് അതൃപ്തിയുണ്ടെന്ന് ഇപ്പോള്‍ പറയുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം കൊടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പഞ്ചായത്തുകള്‍ രൂപവത്കരിച്ചത് വില്ലേജുകള്‍ അടിസ്ഥാനമാക്കിയല്ലെന്ന ആക്ഷേപത്തില്‍ കാര്യമില്ല. എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നിലവില്‍ വന്ന പഞ്ചായത്തുകളിലും അതുണ്ടെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ലീഗിന് യാതൊരു സ്വകാര്യ അജന്‍ഡയും ഈ വിഷയത്തിലില്ല. വിഴിഞ്ഞം കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ നിന്ന് ലീഗ് വിട്ടുനിന്നുവെന്നത് അഭ്യൂഹം മാത്രമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇവിടെ യോഗമുളളത് കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest