Connect with us

Malappuram

മതം ആധികാരിക സ്രോതസുകളില്‍ നിന്ന് പഠിക്കണം : പൊന്മള

Published

|

Last Updated

മലപ്പുറം: മതം ആധികാരിക സ്രോതസുകളില്‍ നിന്ന് പഠിച്ചവര്‍ക്ക് മാത്രമേ മത വിഷയങ്ങളില്‍ പ്രമാണബദ്ധമായി തീര്‍പ്പുകള്‍ പറയാന്‍ കഴിയുകയുള്ളൂവെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
വിദ്യയുടെ വിളക്കത്തിരിക്കാം പ്രമേയത്തില്‍ എസ് എസ് എഫ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മതവിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം യഥാവിധി പഠിക്കാത്തവര്‍ ആധികാരിക സ്വഭാവത്തോടെ മത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് ജനങ്ങളെ വഴി തെറ്റിക്കും. വിഷയങ്ങള്‍ വിവേകപൂര്‍വം കൈകാര്യം ചെയ്യപ്പെടണമെന്നാണ് ഇസ്‌ലാമിക സമീപനം. വൈകാരികമായ പ്രതികരണങ്ങളും എടുത്തുചാട്ടങ്ങളും ഇസ്‌ലാമിനെ പൊതുസമൂഹത്തിന് മുന്നില്‍ തെറ്റിദ്ധരിപ്പിക്കാനിടയാക്കും. മത വിദ്യാഭ്യാസത്തോടുള്ള നിഷേധാത്മക സമീപനം ആത്മീയ ശോഷണത്തിനും അരാജകത്വത്തിനും വഴിവെക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ് എസ് എഫ് പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. എ പി അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുല്‍ മജീദ് അരിയല്ലൂര്‍, പി എ മുഹമ്മദ് ഫാറൂഖ് നഈമി പ്രസംഗിച്ചു. സൈനുദ്ദീന്‍ സഖാഫി സ്വാഗതവും എ കെ എം ഹാഷിര്‍ സഖാഫി നന്ദിയും പറഞ്ഞു. വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള മത ബിരുദധാരികളായ റാങ്ക് ജേതാക്കളെയും, ജര്‍മന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഫെല്ലോഷിപ്പ് നേടിയ ഇ പി എം സ്വാലിഹ് നൂറാനിയെയും അനുമോദിച്ചു.