Connect with us

Kerala

മലപ്പുറം രാജ്യത്തെ പ്രഥമ വൈ ഫൈ നഗരമാകുന്നു

Published

|

Last Updated

മലപ്പുറം: രാജ്യത്തെ ആദ്യ സൗജന്യ വൈ ഫൈ നഗരമാകാന്‍ മലപ്പുറം ഒരുങ്ങുന്നു. പദ്ധതിക്കാവശ്യമായ വൈ ഫൈ ടവറുകളുടെ നിര്‍മാണം പൂര്‍ത്തിയായി. നഗരസഭാ പരിധിയില്‍ 21 കിലോമീറ്റര്‍ മുഴുവനായും വൈ ഫൈ സംവിധാനം ലഭ്യമാക്കുന്നതിന് മൂന്ന് ടവറുകളാണ് സ്ഥാപിക്കുന്നത്. പ്രദേശത്തെ 13,000 വീടുകളിലടക്കം സൗജന്യ ഇന്റര്‍നെറ്റ് സംവിധാനം ലഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ഈമാസം 21ന് ഐ ടി വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. 200 എം ബി വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാകും. നഗരസഭാ ജീവനക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച മുഴുവന്‍ സൈറ്റുകളും വൈ ഫൈ സംവിധാനത്തില്‍ ഉപയോഗിക്കാനാകും.
പ്രദേശത്തെ സ്ഥിരതാമസക്കാര്‍ക്കു പ്രത്യേക പാസ്‌വേഡും ഐഡിയുമുണ്ടാക്കി നല്‍കിയാണ് സംവിധാനം നടപ്പാക്കുന്നത്. ഇതിനായി നഗരസഭയില്‍ നിന്ന് അപേക്ഷ വാങ്ങി സമര്‍പ്പിക്കണം. കേരളാ ഐ ടി മിഷന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാറും ബാക്കിതുക നഗരസഭയുമാണ് കണ്ടെത്തിയത്. വൈ ഫൈ സംവിധാനത്തില്‍ രാജ്യത്തെ പൈലറ്റ് പ്രൊജക്ടാണ് മലപ്പുറത്ത് നടപ്പാക്കുന്നത്. ഇന്ത്യയിലെ വന്‍കിട നഗരങ്ങള്‍, യൂനിവേഴ്‌സിറ്റികള്‍, വിമാനത്താവളങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് സൗജന്യമായും അല്ലാതെയുമുള്ള വൈ ഫൈ സംവിധാനങ്ങളുള്ളത്. കേരളത്തില്‍ കൊച്ചി, കോഴിക്കോട് ടൗണുകളില്‍ വൈ ഫൈ സംവിധാനമുണ്ടെങ്കിലും ഇവയുടെ ഉപയോഗത്തില്‍ നിയന്ത്രണമുണ്ടെന്നു മാത്രമല്ല സ്വകാര്യകമ്പനികള്‍ക്കാണ് ഇവയുടെ നടത്തിപ്പ്. 24 മണിക്കൂറും ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി നഗരസഭയില്‍ പ്രത്യേക സെര്‍വറൂം സ്ഥാപിച്ചിട്ടുണ്ട്. നഗരവാസികള്‍ക്ക് ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യാമെന്നതിനപ്പുറം ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ ഒട്ടേറെ പദ്ധതികള്‍ ഇതിന്റെ അനുബന്ധമായി ലഭ്യമാകും.
ഇ- ട്യൂട്ടര്‍, ഇ- ഹെല്‍ത്ത് തുടങ്ങിയ പദ്ധതികള്‍ ഇതിനോടനുബന്ധിച്ച് നടപ്പാക്കുന്നുണ്ട്. ഒന്ന് മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതാണ് ഇ-ട്യൂട്ടര്‍ പദ്ധതി. മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് ഈ സേവനം നല്‍കുന്നത്. ആരോഗ്യമേഖലയെ ഡിജിറ്റല്‍വത്കരിക്കുന്ന ഇ-ഹെല്‍ത്ത് പദ്ധതിയില്‍ രോഗികളുടെ വിവരങ്ങള്‍ കൃത്യമായി അറിയുന്നതിനും ഡോക്ടര്‍മാരുമായി ബന്ധപ്പെടുന്നതിനും സംവിധാനമുണ്ടാകും.