Connect with us

Kerala

ആനവേട്ടയുടെ മറവില്‍ മൂന്നാം മുറ: ഡി ജി പി അനേ്വഷിക്കണം- മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: ആനവേട്ടയുടെ പേരില്‍ അറസ്റ്റ് ചെയ്തവരെ വനപാലകര്‍ മൂന്നാംമുറ പ്രയോഗിക്കുന്നുവെന്ന ആരോപണത്തെ കുറിച്ച് അനേ്വഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ഉന്നത ഉദേ്യാഗസ്ഥരെ നിയോഗിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ആനവേട്ടക്കേസില്‍ അറസ്റ്റിലായ പന്ത്രണ്ടാം പ്രതി അജിബ്രൈറ്റിന്റെ വാരിയെല്ല് വനപാലകന്‍ തകര്‍ത്തതായുള്ള പത്രവാര്‍ത്തയെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 40 ലധികം ആനകള്‍ വേട്ടയാടപ്പെട്ടതായി പറയുന്ന വനംവകുപ്പ് ഉദേ്യാഗസ്ഥര്‍ ഈ സമയത്ത് എവിടെയായിരുന്നെന്ന് ജസ്റ്റിസ് ജെ ബി കോശി ചോദിച്ചു. യഥാസമയം ജാഗ്രത പാലിച്ചിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. അതിന് കഴിയാത്തവര്‍ മൂന്നാംമുറ ഉപയോഗിച്ച് കുറ്റസമ്മതം നടത്തിക്കരുത്. ജീവനെ ഭയന്ന് ചെയ്യാത്ത കുറ്റങ്ങള്‍ വരെ പ്രതികള്‍ സമ്മതിക്കും. ശിക്ഷ നല്‍കേണ്ടത് കോടതിയാണെന്നും കമ്മീഷന്‍ നടപടി ക്രമത്തില്‍ ചൂണ്ടികാണിച്ചു.
മര്‍ദനം കാരണം എല്ല് തകര്‍ന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. മൂന്നാംമുറ ക്രിമിനല്‍ കുറ്റമാണ്. വനങ്ങളെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുന്നതോടൊപ്പം രാജ്യത്തെ നിയമങ്ങള്‍ പാലിക്കാനും മനുഷ്യരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാനും വനപാലകന്‍ ശ്രദ്ധിക്കണം. ആനവേട്ടക്കേസ് സി ബി ഐക്ക് വിട്ടത് ഉചിതമായെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.