Connect with us

National

പൂണെ ഫിലീം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡയറക്ടറെ തടഞ്ഞുവെച്ചു; അഞ്ച് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Published

|

Last Updated

പുണെ: വിദ്യാര്‍ഥി സമരം കൊടുമ്പിരി കൊള്ളുന്ന ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ പ്രതിഷേധിച്ച അഞ്ച് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി 1.30ന് 17 വിദ്യാര്‍ഥികളുടെ പട്ടികയുമായി കാമ്പസിലെത്തിയ പൊലീസിന് അഞ്ച് വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്യാനേ ആയുള്ളൂ. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ പ്രശാന്ത് പത്രബയുടെ പരാതിയിലാണ് അറസ്റ്റ്. തിങ്കള്‍ രാത്രി ഡയറക്ടറെ ക്യാംപസില്‍ വിദ്യാര്‍ഥികള്‍ ഏഴ് മണിക്കൂറോളം ഘെരാവോ ചെയ്തിരുന്നു.

ക്യാംപസ് വിട്ട് പോകണമെന്ന് 2008 ബാച്ചിലെ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടെങ്കിലും പ്രൊജക്ട് പൂര്‍ത്തിയാക്കാതെ പോവില്ലെന്ന് വിദ്യാര്‍ഥികള്‍ നിലപാടെടുത്തു. ഇതിനെ തുടര്‍ന്നാണ് ഡയറക്ടറെ വിദ്യാര്‍ഥികള്‍ ഘെരാവോ ചെയ്തത്. അറസ്റ്റിലായവരെ ഡെക്കാന്‍ ജിംഖാന പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രി വൈകിയാണ് അറസ്റ്റിന് നിര്‍ദേശം കിട്ടിയതെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം.

രണ്ട് പെണ്‍കുട്ടികളടക്കം 17 വിദ്യാര്‍ത്ഥികളുടെ പേരാണ് പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത്. ബാക്കിയുള്ളവരെ ബുധനാഴ്ച രാവിലെ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇവര്‍ക്കു പുറമേ മുപ്പതോളം വിദ്യാര്‍ത്ഥികളെ കൂടി പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ പേരുകളിലുള്ള ആശയക്കുഴപ്പം മൂലം അറസ്റ്റ് ഉണ്ടായിട്ടില്ല.

Latest