Connect with us

Kerala

പ്രതികള്‍ക്കെതിരെ മൂന്നാംമുറ: ഐ എഫ് എസ് ദമ്പതികള്‍ക്കെതിരെ കേസ്

Published

|

Last Updated

തിരുവനന്തപുരം: ആനവേട്ടക്കേസില്‍ പിടിയിലായ പ്രതികള്‍ക്കുനേരെ മൂന്നാം മുറ പ്രയോഗിച്ചെന്ന പരാതിയില്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ (ഐ എഫ് എസ്) ദമ്പതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പോലീസ് കേസെടുത്തു. തിരുവനന്തപുരം ഡി എഫ് ഒ. ടി ഉമ, ഭര്‍ത്താവ് വനംവകുപ്പ് ആസ്ഥാനത്തെ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ആര്‍ കമലാഹര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംസ്ഥാന വനംവകുപ്പിന്റെ ചരിത്രത്തില്‍ ആപൂര്‍വ സംഭവമാണിത്.
തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് ചെയ്ത പ്രതികളെ വഴുതക്കാട്ടെ വനം വകുപ്പ് ആസ്ഥാനത്തുവെച്ച് മര്‍ദിച്ചെന്ന പരാതിയിലാണ് കേസ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നത്.
കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിലെ പ്രതിയായ അജി ബ്രൈറ്റിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടും വൈദ്യ പരിശോധഫലമടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ കേസില്‍ കഴിഞ്ഞ മാസം പിടിയിലായ അജി ബ്രൈറ്റ് തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്ത് ക്രൂരമായ മര്‍ദനത്തിന് ഇരയായി എന്നുള്ള പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്ത് നിന്ന് പിടിയിലായ പ്രതികളെ ആദ്യഘട്ടത്തില്‍ ചോദ്യംചെയ്ത വനിതാ ഡി എഫ് ഒയുടെ സംഘത്തിനെതിരെയായിരുന്നു പ്രധാന പരാതി.
മനഃസാക്ഷിയുള്ളവര്‍ക്ക് കേട്ടുനില്‍ക്കാന്‍ പോലും കഴിയാത്ത മര്‍ദ്ദനമുറകളായിരുന്നു ഇവരുടേതെന്ന് പരാതികളില്‍ വിശദീകരിക്കുന്നു.തങ്ങളെ കസ്റ്റഡിയില്‍ പീഡിപ്പിച്ചതായി കേസിലെ പതിനൊന്നാംപ്രതി പിസ്റ്റന്‍ സില്‍വ, പതിമൂന്നാംപ്രതി ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ കോതമംഗലം മജിസ്‌ട്രേട്ടിന് മുമ്പാകെ ഹാജരാക്കിയപ്പോള്‍ പരാതി നല്‍കിയിരുന്നു.
കൈകാലുകളുടെ നഖങ്ങള്‍ക്കിടയില്‍ സൂചി പ്രയോഗം, ശരീരമാസകലം തടികൊണ്ട് ഉരുട്ടല്‍, മുറിവേറ്റ് ചതഞ്ഞ ഭാഗങ്ങളില്‍ കാന്താരി മുളക് പുരട്ടല്‍ എന്നിങ്ങനെ പോകുന്നു വനപാലകരുടെ ക്രൂരകൃത്യങ്ങളെന്നും പരാതിയില്‍ പറഞ്ഞിരുന്നു. മര്‍ദ്ദനമുറകള്‍ പറയാതിരുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ ശക്തമായ ഭീഷണി മൂലമാണ്. പറഞ്ഞാല്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി കൊലപ്പെടുത്തുമെന്ന് വനപാലകര്‍ ഭീഷണി മുഴക്കിയതായി ഇവര്‍ പരാതിപ്പെട്ടിരുന്നു

Latest